പാലേരി: അടുക്കളയും സ്മാര്‍ട്ടാക്കി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. സ്വാദേറിയ ഭക്ഷണം അതിവേഗത്തിലും നല്ല വൃത്തിയിലും കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന തരത്തിലാണ് സംവിധാനം ഇവിടെ ഒരുക്കിയിരിക്കുന്നത്.
വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വീണ്ടും വികസനത്തിന്റെ കുതിച്ചുചാട്ടത്തിലാണ്. ഒരു മണിക്കൂറിനുള്ളില്‍ 1500 പേര്‍ക്ക് ഉച്ചഭക്ഷണം ഉണ്ടാക്കാന്‍ കഴിയുന്ന അടുക്കളയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
അഴുക്കുകള്‍ കളയാനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. പ്രശസ്തമായ കോയമ്പത്തൂര്‍ ശമ്പരി കിച്ചണ്‍ സര്‍വീസസിന്റെതാണ് ഉപകരണങ്ങള്‍. ഇവിടെ സജ്ജീകരിച്ചിരിക്കുന്ന ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനും എളുപ്പമാണ്.
പുതിയ കെട്ടിടത്തിനും, അടുക്കള, സ്റ്റോര്‍, ഹാള്‍ സംവിധാനത്തിനും കൂടി 49.5 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം. അത്യാധുനിക സൗകര്യമുള്ള പാചകപ്പുര കുട്ടികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും വലിയൊരു നേട്ടമായിമാറും.
വിദ്യാലയത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനായി വിശാലമായ മൂന്നു നില കെട്ടിടത്തിന്റെ പ്രവര്‍ത്തിയും ആരംഭിക്കുന്നു. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ആവശ്യമായത്ര ക്ലാസ് മുറികള്‍ക്ക് പുറമെ ഓഫീസ്, സ്റ്റാഫ് റൂം, ഓഡിറ്റോറിയം, ടോയ്‌ലറ്റുകള്‍ മുതലായ സൗകര്യവും ഉണ്ടാകും.
ഒപ്പം സ്‌കൂളിന് പ്രത്യേക ശുദ്ധജല പദ്ധതി നടപ്പാക്കാനുള്ള പരിശ്രമവും തുടങ്ങിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. അക്കാദമിക് രംഗത്തെ അഭിമാനകരമായ മുന്നേറ്റത്തിന് തിളക്കം കൂട്ടുന്നതാണ് അടിസ്ഥാന വികസനത്തില്‍ ആര്‍ജിച്ചുവരുന്ന പുരോഗതി.
ഹൈടെക് പാചകപ്പുരയുടെ ഉദ്ഘാടനവും പുതുതായി നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ തറക്കല്ലിടലും ഒക്ടോബര്‍ 29 ചൊവ്വാഴ്ച മൂന്നു മണിക്ക് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിക്കും. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനാവുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.
North Higher Secondary School has also made the kitchen smart