പേരാമ്പ്ര: മലബാര്‍ ഗോള്‍ഡ് -തണല്‍ ഫാര്‍മസിയുടെ ' ആദ്യ ബ്രാഞ്ച് പേരാമ്പ്രയില്‍ ആരംഭിക്കുന്നുവെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന സാധാരണകാര്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമാണ് മരുന്നിന്റെ കുതിച്ചുയരുന്ന വില. പ്രൊഡക്ഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് ഇടനിലക്കാരില്ലാതെ രോഗികളിലേക്ക് മരുന്ന് എത്തിക്കുന്നതോടെ ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് 15 % വും മറ്റെല്ലാ മരുന്നുകള്‍ക്കും 50% വരെയും കിഴിവ് എന്നതാണ് മലബാര്‍ ഗോള്‍ഡ് -തണല്‍ ഫാര്‍മസിയുടെ പ്രത്യേകത.
ലോകത്തിന്റെ പട്ടിണി മാറ്റാന്‍ ഹംഗര്‍ഫ്രീ വേള്‍ഡ് പദ്ധതിയിലൂടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ തെരുവില്‍ പട്ടിണി കിടന്നിരുന്ന അറുപതിനായിരം പേര്‍ക്ക് ദിനേന ഭക്ഷണം നല്‍കി അവരുടെ മക്കള്‍ക്ക് വിദ്യഭ്യാസവും ഉപ്പുവരുത്തുന്ന മലബാര്‍ ഗോള്‍ഡ് തണല്‍ പ്രൊജക്ടിന്റെ തുടര്‍ച്ചയായാണ് രോഗികള്‍ക്ക് ആശ്വാസമാവുന്ന 'മലബാര്‍ ഗോള്‍ഡ് തണല്‍ ഫാര്‍മസി ' ഒരുങ്ങുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാജ്യത്തെ 100 കേന്ദ്രങ്ങളില്‍ തണലുമായി ചേര്‍ന്ന് മലബാര്‍ ഗോള്‍ഡ് ആരംഭിക്കുന്ന മലബാര്‍ തണല്‍ ഫാര്‍മസികളുടെ ആദ്യ ഔട്ട്‌ലെറ്റുകള്‍ പേരാമ്പ്രക്കും നാദാപുരത്തിനും മണിയൂരിനുമാണ് സമ്മാനിക്കുന്നത്. നവംബര്‍ 3 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക്
പേരാമ്പ്രയില്‍ എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി അഹമ്മദ് മുഖ്യ അതിഥിയായിരിക്കും. പേരാമ്പ്രയിലെ മുതിര്‍ന്ന ഓട്ടോ ടാക്‌സി ഡ്രൈവര്‍ ബാലന്‍ നായരാണ് ആദ്യ വില്‍പ്പന. നാദാപുരത്തും മണിയൂരുമുള്ള രണ്ട് ഔട്ട്‌ലെറ്റുകള്‍ കൂടി അന്നേ ദിവസം വൈകുന്നേരം പ്രവര്‍ത്തനം ആരംഭിക്കും.
ആദ്യ ഘട്ടത്തില്‍ ഈ വര്‍ഷം 10 ഔട്ട്‌ലെറ്റുകളാണ് ആരംഭിക്കുക . ഇതോടൊപ്പം പദ്ധതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നൂറോളം ഓട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് ഷോറും ഹെഡ് റിനീഷ് കെ.കെ, തണല്‍ ഫാര്‍മസി ഫങ്ങ്ഷണല്‍ ഹെഡ് തെല്‍ഹത്ത് കെ.പി, തണല്‍ സോഷ്യല്‍ വര്‍ക്ക് HoD ബൈജു ആയടത്തില്‍, മുഹമ്മദ് ഷാഫി, എന്‍.കെ. മജീദ്, വി.സി. നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ സംബന്ധിച്ചു.
Malabar Gold - Thanal Pharmacy's first branch opens in Perambra