പേരാമ്പ്ര: പേരാമ്പ്രയിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ജീവ കാരുണ്യ മേഖലയിലെ നിറ സാന്നിധ്യവും അസറ്റ് ചെയര്‍മനുമായ സി.എച്ച് ഇബ്രാഹിം കുട്ടി സ്വന്തം വീട്ടുമുറ്റത്ത് വിദ്യാര്‍ഥികള്‍ക്കും വയോജനങ്ങള്‍ക്കുമായി ലൈബ്രറി ഒരുക്കി മാതൃകയായി.
അസറ്റ് പേരാമ്പ്രയുടെ വായന മുറ്റം പദ്ധതിയുടെ ഭാഗമായാണ് അസറ്റ് ചെയര്‍മാന്‍ വീട്ടില്‍ വായന മുറ്റം ഒരുക്കിയത്. ഡോ. ശശി തരൂര്‍ എംപി വായന മുറ്റം പദ്ധതിയുടെയും ലൈബ്രറിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വീടുകളുടെ മുറ്റത്ത് ഒരുക്കുന്ന ഇത്തരം പദ്ധതികള്‍ കേരളത്തിന് മുഴുവന്‍ അനുകരണീയമാണെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അധ്യക്ഷത വഹിച്ചു. റഫറന്‍സ് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം പുതിയ പുസ്തകങ്ങളാണ് ആദ്യ ഘട്ടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 5000 പുസ്തകങ്ങള്‍ അടങ്ങുന്ന ലൈബ്രറിയായി ഈ ഗ്രന്ഥാലയം വിപുലപെടുത്തുമെന്ന് സി.എച് ഇബ്രാഹിം കുട്ടി പറഞ്ഞു.
ചടങ്ങില്‍ എംഎസ്എഫ് ദേശിയ പ്രസിഡന്റ് അഹ്‌മദ് സാജു, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സുധീര്‍, ഭാവിക ഡയറക്ടര്‍ ജരാള്‍ഡ് തിരുവനന്തപുരം, അസറ്റ് ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് മുഹമ്മദ് ലാഹിക്, ഇശാ ഇബ്രാഹിം, ജസിന്‍ ഇബ്രാഹിം, സാറ ലാഹിക് തുടങ്ങിയവര്‍ സംബന്ധിച്ചു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലുള്ള അസറ്റ് ഡയറക്ടര്‍മാരുടെ വീട്ടിലേക്കും പദ്ധതി വ്യാപിപ്പിക്കും. മാസത്തില്‍ ഒരു ദിവസം പുസക ചര്‍ച്ചയും എഴുത്തുകാരുടെ സംഗമവും സംഘടിപ്പിക്കും.
CH Ibrahim Kutty set up a reading yard for students and the elderly at perambra