കൊച്ചി: ടൂറിസം വികസനത്തിന് കരുത്തേകി സീപ്ലെയിന്റെ പരീക്ഷണപ്പറക്കല്‍ വന്‍വിജയം. ബോള്‍ഗാട്ടിയില്‍ നിന്ന് പറയുന്നുയര്‍ന്ന സീപ്ലെയിന്‍ മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡ് ചെയ്തു.
പരീക്ഷണപ്പറക്കല്‍ വിജയകരമായതോടെ ടൂറിസം രംഗത്ത് വമ്പന്‍ കുതിപ്പാണ് കേരളം പ്രതീക്ഷിക്കുന്നത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയിനില്‍ യാത്ര ചെയ്തു. ജനസാന്ദ്രത സംസ്ഥാന ടൂറിസം വികസനത്തിന് ഒരു തടസമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സ്ഥലം ഏറ്റെടുപ്പ് വെല്ലുവിളിയാണെന്നും ഉള്‍പ്രദേശങ്ങളിലെ ടൂറിസ്റ്റ് മേഖലയില്‍ എത്തിപെടുക വെല്ലുവിളിയാണെന്നും ഈ പരിമിതി മറികടക്കാന്‍ സീ പ്ലെയിന്‍ കൊണ്ട് കഴിയുമെന്നും റിയാസ് പറഞ്ഞു. സീപ്ലെയിന്‍ സുരക്ഷിതമായി ലാന്റ് ചെയ്യാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജലവിമാനത്തിന്റെ പൈലറ്റ് പറഞ്ഞു.
സമീപ ഭാവിയില്‍ത്തന്നെ സീ പ്ലെയിനുകള്‍ അവതരപ്പിക്കാന്‍ കഴിയുമോ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്. മൈസൂരുവില്‍ നിന്ന് ഇന്നലെയാണ് ജലവിമാനം കൊച്ചിയിലെത്തിയത്. കനേഡിയന്‍ കമ്പനിയുടെ ജലവിമാനമാണ് എത്തിയിരിക്കുന്നത്.
ടൂറിസത്തിനു പുറമേ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീ പ്ലെയിന്‍ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റര്‍മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സര്‍വീസ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജില്‍ നവംബര്‍ 9 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ആംഫീബിയസ് എയര്‍ക്രാഫ്റ്റാണ് കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം കേരളത്തിലെത്തിച്ചത്.
The experiment was a huge success; Seaplane strengthened tourism development