വെള്ളിയൂര്‍: ഇന്നലെയും ഇന്നും ഊട്ടുപുരയില്‍ വന്‍ തിരക്കായിരുന്നു. ഭക്ഷണം കഴിച്ചവരുടെ വയറും മനസും നിറച്ചു. വിനോദന്‍ ചെറുവണ്ണൂരും ഒപ്പം മറ്റു പത്തുപേരും രുചിക്കൂട്ടില്‍ ഒരുക്കുന്ന വിഭവങ്ങള്‍ കഴിച്ച് ഇറങ്ങുന്നവര്‍ ഒരേ സ്വരത്തില്‍ ഒന്നേ പറയാനുള്ളൂ. 'സൂപ്പറായിട്ടുണ്ട്.'
പേരാമ്പ്ര ഉപജില്ല കലോത്സവത്തിലെ നാലു ദിവസവും വേദി ഉണരുന്നതിനു മുന്‍പേ ഇവര്‍ ഊട്ടുപുരയില്‍ സദ്യാ വട്ടങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. ഭക്ഷണ കമ്മറ്റിക്കാര്‍ പായസം ഉള്‍പ്പെടെ വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്. ആദ്യ ദിവസം രണ്ടായിരം പേര്‍ക്കുള്ള വെജിറ്റബിള്‍ ബിരിയാണിയാണ് ഒരുക്കി നല്‍കിയത്.
രണ്ടാം ദിവസം നാലായിരത്തില്‍പരം ആളുകള്‍ക്ക് ഉച്ചക്കും ആയിരത്തില്‍പരം ആളുകള്‍ക്ക് രാത്രിയും ഭക്ഷണം നല്‍കിയിട്ടുണ്ട്. ഇന്ന് അയ്യായിരം പേര്‍ക്കാണ് സദ്യയൊരുക്കിയിട്ടുള്ളത്. കൂടാതെ ഒഫീഷ്യല്‍സിനും മേയ്ക്കപ്പ് ചെയ്യുന്ന കലാപ്രതിഭകള്‍ക്കുള്ള പാര്‍സലും ഊട്ടുപുരയില്‍ നിന്ന് തയ്യാറാക്കി എത്തിച്ചു കൊടുക്കുന്നുണ്ട്.
നൂറില്‍ പരം വനിതകളാണ് ഊട്ടുപുരയില്‍ ഭക്ഷണം വിളമ്പാന്‍ ഉള്ളത്. അധ്യാപകര്‍, ക്ഷേത്ര മാതൃസമിതിയിലുള്ളവര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എം പി.ടി.എ അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവരും ഊട്ടുപുരയില്‍ കൈമെയ്യ് മറന്ന് ഉണ്ട്. രാവിലെ ചായക്ക് ഉപ്പുമാവാണ് നല്‍കുന്നത്.
District Arts Festival; Ootupura with full mind and stomach