പേരാമ്പ്ര: അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ ഭാഗമായി സിഐടിയു പേരാമ്പ്ര പ്രാജക്ട് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.
ഐസിഡിഎസ്സിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുക, സൗജന്യ സേവനങ്ങള്‍ക്കു പകരമായി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം കൈമാറ്റം ചെയ്യുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, ആനുകൂല്യങ്ങള്‍ ലഭ്യമാവണമെങ്കില്‍ ആധാര്‍ ലിങ്ക് ചെയ്യുന്നമെന്ന നിബന്ധന ഉപേക്ഷിക്കുക, പോഷണ്‍ ട്രാക്കറുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കുക.
നിബന്ധനകളും അടിച്ചമര്‍ത്തലുകളും അവസാനിപ്പിക്കുക, കേന്ദ്രീകൃത അടുക്കള വഴിയുള്ള അനുപൂരകപോഷകാഹാര വിതരണം നടത്തുന്നതിനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറുക, ഐസിഡിഎസ്സിന്റെ നടത്തിപ്പ് എന്‍ജിഒകളെയും കോര്‍പ്പറേറ്റുകളെയും ഏല്‍പ്പിക്കുന്നതിനുള്ള ഗൂഢനീക്കം അവസാനിപ്പിക്കുക, 2020-ലെ ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെടുത്തി അങ്കണവാടികളിലെ പ്രീ സ്‌ക്കൂള്‍ വിദ്യാഭ്യാസം അട്ടിമറിക്കാനുള്ള തീവ്രശ്രമം അവസാനിപ്പിക്കുക,
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ആയതിന്റെ ഭാഗമായി അങ്കണവാടികള്‍ വഴിയുള്ള സൗജന്യവും സാര്‍വ്വത്രികവുമായ ശൈശവകാല പൂര്‍വ്വ പരിചരണവും വിദ്യാഭ്യാസവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക, കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനാവശ്യമായ രീതിയിലുള്ള അനുപൂരക പോഷകാഹാരലഭ്യത ഉറപ്പു വരുത്തുകയും ഐസിഡിഎസ്സിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ പണം വകയിരുത്തുക,
അങ്കണവാടി ജീവനക്കാരെ സ്ഥിരം ജീവനക്കാരാക്കുകയും മിനിമം വേതനമായി പ്രതിമാസം 26000 രൂപയും പ്രതിമാസ പെന്‍ഷന്‍ 10000 രൂപയും സാമൂഹ്യ സുരക്ഷിതത്വ പരിപാടികളില്‍ അംഗങ്ങളാക്കുകയും എക്‌സ് ഗ്രേഷ്യ അനുവദിക്കുകയും ചെയ്യുക, ഗ്രാറ്റുവിറ്റിയുമായി ബന്ധപ്പെട്ട 2022 ഏപ്രില്‍ 25 ന്റെ സൂപ്രീംകോടതിവിധി ദേശവ്യാപകമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ്ണ നടത്തിയത്.
ഐസിഡിഎസ് ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഏരിയ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ രോഷ്‌നി അധ്യക്ഷത വഹിച്ചു. എഡബ്ല്യുഎച്ച്എ സംസ്ഥാന കമ്മിറ്റി അംഗം കെ.സി പത്മാവതി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഏരിയ സെക്രട്ടറി വി.എം ഷീജ സ്വാഗതവും ട്രെഷറര്‍ കമലം നന്ദിയും പറഞ്ഞു.
CITU Perambra Project organized protest dharna