പേരാമ്പ്ര : ചവറംമൂഴി പാലം നിര്‍മാണത്തിന് കിഫ്ബി അംഗീകാരം. ഇന്ന് നടന്ന യോഗം പാലം നിര്‍മിക്കാന്‍ 9.71 കോടി രൂപ അനുവദിച്ചു. മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി പേരാമ്പ്ര എംഎല്‍എ ടി.പി.രാമകൃഷ്ണന്റെ പ്രയത്‌നമാണ് പാലത്തിന് പണം അനുവദിച്ചത്.
പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിനെയും കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. മലയോര ഹൈവേ യാഥാര്‍ഥ്യമാകുമ്പോള്‍ പേരാമ്പ്ര കുറ്റ്യാടി നിയോജക മണ്ഡലങ്ങള്‍ക്ക് ഇടയിലുള്ള പ്രധാന പാലമായിരിക്കും ഇത്. പേരാമ്പ്ര നിയോജകമണ്ഡലത്തിലെ പ്രധാന ഇക്കോ ടൂറിസം മേഖലയായ ജാനകിക്കാട് മേഖലയിലാണ് പാലം നിര്‍മിക്കുന്നത്.
കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ നിര്‍മാണം നടന്നപ്പോള്‍ കുറ്റ്യാടി പുഴയ്ക്ക് മുകളിലൂടെ കനാല്‍ ജലം കൊണ്ടുപോകാന്‍ അന്ന് നിര്‍മിച്ച നീര്‍പ്പാലമാണു ഇപ്പോള്‍ നിലവിലുള്ളത്. വലിയ വാഹനങ്ങള്‍ ഇതു വഴി കടന്നു പോകാന്‍ പ്രയാസമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പല തവണ വലിയ പാലം ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. ഇപ്പോള്‍ മലയോര ഹൈവേയുടെ നിര്‍മാണമാണ് പാലത്തിന് വഴിതുറന്നത്. ചക്കിട്ടപാറ പഞ്ചായത്തിലെ പറമ്പല്‍ കുരിശു പള്ളിക്ക് സമീപമായിരിക്കും പുതിയ പാലം നിര്‍മിക്കുക. പുതിയ പാലം ജാനകിക്കാട് ഇക്കോടൂറിസം പദ്ധതിക്കും വലിയനേട്ടമാകും.
KIIFB Approves Construction Of Chavarammoozhi Bridge