പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന അസറ്റ് പേരാമ്പ്രയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ടറിയാന്‍ വിദേശ സംഘമെത്തി.
2015ലെ ഏറ്റവും സ്വാധീനമുള്ള അറബ് വനിതയും കുവൈറ്റ് രാജകുമാരിയുമായ ശൈഖ മറിയം ഇസ്മായില്‍ അല്‍ സബ,ഡെന്‍മാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സാമ ഇന്റര്‍ നാഷനല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഡോ. ഫാത്തിമ അബുവാസല്‍ ഇഗ്ബാരിയ, എഞ്ചിനിയര്‍ അബ്ദുല്‍ ഹഫീസ്, ഡെന്‍മാര്‍ക്, ടുനീഷ്യയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും അറബ് ലീഗിന്റെ അസി സെക്രട്ടറി ജനറലുമായിരുന്ന ഡോ.അബ്ദുല്‍ ലതീഫ് ഒബൈദ്, ഫ്രാന്‍സിലെ ലയാന്‍ സര്‍വകലാശാലാ ലക്ചറര്‍ ഡോ. ഇഷ്‌റഖ് കൊറോന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അസറ്റിന്റെ നൂതന പദ്ധതിയായ വായനാമുറ്റത്തെക്കുറിച്ച് സംഘാംഗങ്ങള്‍ പ്രത്യേകം ചോദിച്ചറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും വയോജനങ്ങള്‍ക്കും റഫറന്‍സിനും വായനയ്ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് വായനാമുറ്റം സജ്ജികരിച്ചിരിക്കുന്നത്. ഇതിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധരായ വ്യക്തിത്വങ്ങളുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുള്ള അവസരമൊരുക്കും. ഡോ.ശശി തരൂര്‍ എം.പി.യാണ് വായന മുറ്റം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
സംഘാംഗങ്ങളെ അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടിയുടെ മാതാവ് സി.എച്ച്. കൃഞ്ഞാമി ബൊക്കെ നല്‍കി സ്വീകരിച്ചു.അസറ്റ് പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് പ്രകടിപ്പിച്ച അതിഥികള്‍ അസറ്റിന്റെ തുടര്‍ പരിപാടികളില്‍ സംബന്ധിക്കാമെന്ന് അറിയിക്കുകയും ചെയ്തു. അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി സംഘാംഗങ്ങള്‍ക്ക് മെമന്റോയും ഉപഹാരങ്ങളും സമ്മാ നിച്ചു. അബ്ദുസ്സലാം ഫൈസി അമാനത്ത്,അസറ്റ് സെക്രട്ടറി ജനറല്‍ നസീര്‍ നൊച്ചാട്, സൈനുല്‍ ആബിദ് ഹൃദവി,സി.എച്ച്. അബ്ദുല്ല, പ്രൊഫസര്‍ ഫാഹിദ് കെ.വി.സംബന്ധിച്ചു
Kuwait's Princess Sheikha Mariam Al Khair Al-Sabah visits Asset Perambra's Reading Museum