പേരാമ്പ്ര : പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെ പാമ്പു പിടുത്ത ജീവനക്കാരന്‍ സുരേന്ദ്രന്‍ കരിങ്ങാടിനെ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം കൊയിലാണ്ടി കുറവങ്ങാട് ഭാഗത്ത് ഫ്‌ലോര്‍ മില്ലില്‍ പെരുമ്പാമ്പ് ഉണ്ടെന്നും അതിനെ പിടികൂടണമെന്നും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പെരുവണ്ണാമൂഴിയില്‍ നിന്നും ചെമ്പ്ര കായണ്ണ വഴി വെള്ളിയൂരിലേക്കുള്ള എളുപ്പവഴിയിലൂടെ കൊയിലാണ്ടിക്ക് ഇരുചക്ര വാഹനത്തില്‍ പോകുന്ന വഴി കായണ്ണയില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്.
കായണ്ണ കനാല്‍ റോഡില്‍ വെച്ച് കാറിലുണ്ടായിരുന്ന സംഘമാണ് മര്‍ദ്ദിച്ചതെന്ന് സുരേന്ദ്രന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. റോഡില്‍ പെട്ടന്ന് പിന്നോട്ടെടുത്ത കാറിലുള്ളവരോട് ഇപ്പോള്‍ എന്റെ ദേഹത്തു കൂടി കയറിയേനെ എന്നു പറഞ്ഞ തന്നെ അവര്‍ അസഭ്യം പറയുകയും പോകാന്‍ തുടങ്ങിയ തന്നെ വിളിച്ചു നിര്‍ത്തി കാറിലുള്ളവര്‍ മര്‍ദ്ദിക്കുകയായിരുന്നെന്നും മറ്റു ചിലരും എത്തി തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും സുരേന്ദ്രന്‍ പറഞ്ഞു.
തലക്ക് അടിക്കുകയും നെഞ്ചത്തും ദേഹത്തും ചവിട്ടിയതായും സുരേന്ദ്രന്‍ പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളോട് ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വിദഗ്ദ ചികിത്സ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
Complaint that the snake catcher Surendran Karingad was beaten