Featured

കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത് തോടന്നൂര്‍ സ്വദേശി അറസ്റ്റില്‍

News |
Dec 6, 2024 07:08 PM

പേരാമ്പ്ര : പേരാമ്പ്ര സ്വദേശികള്‍ ഉള്‍പ്പെടെ തൊഴിലന്വേഷകര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് കമ്പോഡിയയിലെ ഓണ്‍ലൈന്‍ തട്ടിപ്പ് കമ്പനിയില്‍ എത്തിച്ച് കുടുക്കിയ കേസുകളിലെ മുഖ്യ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. തോടന്നൂര്‍ എടത്തുംകര പീടികയുള്ളതില്‍ താമസിക്കും തെക്കേ മലയില്‍ അനുരാഗ് (25) ആണ് അറസ്റ്റില്‍ ആയത്.

പേരാമ്പ്ര കൂത്താളി പനക്കാട് മാമ്പള്ളി അബിന്‍ ബാബു (25), കിഴക്കന്‍ പേരാമ്പ്ര പേരാമ്പ്ര കുന്നുമ്മല്‍ രാജീവന്‍ (46) എന്നിവരടക്കം പേരാമ്പ്ര വടകര ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് തട്ടിപ്പിനിരയായത്. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ഇവരെ സംഘം വലയിലാക്കിയത്. തട്ടിപ്പു സംഘത്തില്‍ നിന്നും ദിവസങ്ങളോളം ക്രൂര മര്‍ദ്ദനമുള്‍പ്പെടെ ഇവര്‍ക്ക് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.

കൂത്താളി പനക്കാട് മാമ്പള്ളി അബിന്‍ ബാബുവും വടകര മണിയൂര്‍ സ്വദേശികളായ അഞ്ചുപേരും ഒരു എടപ്പാള്‍ സ്വദേശിയും ബംഗലുരുവിലുള്ള ഒരു യുവാവും ഈ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയെങ്കിലും രാജീവന്‍ ഉള്‍പ്പെടെ പലരും ഇപ്പോഴും കംബോഡിയയില്‍ കുടുങ്ങി കിടക്കുകയാണ്.

കോടികള്‍ തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കായി പൊലീസ് വലവിരിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി കംബോഡിയയില്‍ ആയിരുന്ന അനുരാഗ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി നാട്ടിലേക്ക് വരവെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദ്, സബ്ബ് ഇന്‍സ്പക്ടര്‍ കെ. ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നെടുമ്പാശ്ശേരിയിലെത്തി പ്രതിയെ ഏറ്റുവാങ്ങുകയായിരുന്നു. സബ്ബ് ഇന്‍സ്പക്ടര്‍ എന്‍. സുബ്രഹ്‌മണ്യന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി.കെ. റിയാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി.എം. രജിലേഷ്, എം. ലാലു, എന്‍.പി. സുജില എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.


പിടിയിലായ അനുരാഗ് ഇത്തരം തട്ടിപ്പുകള്‍ മുമ്പും നടത്തിയിട്ടുള്ള ആളാണെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ പേരാമ്പ്രയിലെ കേസിന് പുറമേ വടകര പൊലീസില്‍ 4 കേസുകളും, പൊന്നാനി, ആലുവ വെസ്റ്റ് എന്നിവിടങ്ങളില്‍ ഓരോ കേസുകളും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴിലന്വേഷകരില്‍ നിന്ന് 2000 ഡോളര്‍ (ഏകദേശം 1,70.000 രൂപ) വെച്ച് ഇവര്‍ കൈക്കലാക്കിയതായാണ് വിവരം. മനുഷ്യക്കടത്ത്, തടവില്‍ പാര്‍പ്പിക്കല്‍, പണത്തിന് വേണ്ടി തട്ടികൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


Thodannoor native arrested in perambra police for human trafficking to Cambodia

Next TV

News Roundup