പേരാമ്പ്ര: പേരാമ്പ്ര ടൗണിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി കൊണ്ടുവന്ന പേരാമ്പ്ര ബൈപ്പാസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനെതിരെ ഉദ്യോഗസ്ഥ ഭരണാധികാരികള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് തീരുമാനിച്ചു.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/66a35f3e82f54_RS 400 x 280 1.jpg)
ബൈപ്പാസ് റോഡ് തുറന്നത് മുതല്‍ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനും ഗുരുതര പരിക്ക് സംഭവിക്കാനും ഇത് കാരണമായിട്ടുണ്ടെന്നും ഈ അപകടങ്ങളില്‍ കൂടുതലും സംഭവിച്ചിട്ടുള്ളത് റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത മൂലമാണെന്നും അവര്‍ പറഞ്ഞു.
കക്കാട് ഭാഗത്ത് ബൈപ്പാസിന്റെ തുടക്കത്തിലായി നിര്‍മ്മിച്ച ഡിവൈഡര്‍ കുറ്റ്യാടി കോഴിക്കോട് സംസ്ഥാനപാതയിലേക്ക് തള്ളി നില്‍ക്കുന്നത് കാരണം അപകടത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെടാനും ഇടയായി.
നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ചെമ്പ്ര റോഡ് ജംഗ്ഷന്‍ വളവ് നിവര്‍ത്താതെ നിര്‍മിച്ചത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വേണ്ടത്ര സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തയ്യാറായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വേഗത കുറയ്ക്കാന്‍ ആവശ്യമായ ഡിവൈഡറുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങളില്‍ സ്ഥാപിക്കണം, അപകടങ്ങള്‍ക്ക് കാരണമാകുന്ന വളവുകള്‍ നിവര്‍ത്താന്‍ തയ്യാറാകണം, പാലക്കാട് കരിമ്പ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം അല്ലാത്ത പക്ഷം ശക്തമായ സമരങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കും.
നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നത്. ഇതിന് പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും അവര്‍ പറഞ്ഞു.
യോഗത്തില്‍ സി.കെ ഹാഫിസ്, ആര്‍.എം നിഷാദ്, സഈദ് അയനിക്കല്‍, നിയാസ് കക്കാട്, ശംസുദ്ധീന്‍ മരുതേരി, നജീബ് അരീക്കല്‍, ഷബീര്‍ ചാലില്‍, യാസര്‍ കക്കാട്, ഷക്കീര്‍ ഏരത്ത് മുക്ക്, ആസിഫ് എടവരാട് തുടങ്ങിയവര്‍ സംസാരിച്ചു.
Accidents are common on Perambra Bypass; To the youth league agitation