പേരാമ്പ്ര: മുതുകുന്ന് മലയിലെ വ്യാപകമായ മണ്ണ് ഖനനം നടത്തുന്ന സ്ഥലം സിപിഐ സംഘം സന്ദര്‍ശ്ശിച്ചു. നൊച്ചാട്, അരിക്കുളം ഗ്രാമപഞ്ചായത്തില്‍ വ്യാപിച്ച് കിടക്കുന്ന മുതുകുന്ന് മലയിലെ മണ്ണിടിച്ച് നിരത്തുന്നത് അടിയന്തിരമായി തടയണമെന്ന് സിപിഐ നൊച്ചാട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
നേഷണല്‍ ഹൈവേക്ക് വേണ്ടി എന്ന് പ്രചരിപ്പിച്ച് കൊണ്ടാണ് വാഗാഡ് മലയില്‍ നിന്ന് വ്യാപകമായി മണ്ണ് ഖനനം നടത്തുന്നതെന്നും മുതുകുന്ന് മലയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന ഫാം ടൂറിസം പദ്ധതിക്ക് വേണ്ടി ട്രസ്റ്റ് വാങ്ങിയ 13 ഏക്കറോളം വരുന്ന ഭൂമിയില്‍ നിന്നാണ് മണ്ണിടിച്ച് കൊണ്ട് പോകുന്നതെന്നും അവര്‍ പറഞ്ഞു.
ഈ പ്രദേശങ്ങളിലെ പരിസ്ഥിതിക്ക് വന്‍ ആഘാതം ഉണ്ടാക്കുന്ന പ്രസ്തുത മണ്ണെടുപ്പ്, നൊച്ചാട് ഗ്രാമപഞ്ചായത്ത് ജലജീവന്‍ പദ്ധതിക്കായ് പുതുതായി പ്രവര്‍ത്തി ആരംഭിച്ച വന്‍ ജലസംഭരണിക്കും വന്‍ ഭീഷണിയായി മാറിയിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മണ്ണിടിച്ച പ്രദേശം സിപിഐ മണ്ഡലം സെക്രട്ടറിയും, നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും സന്ദര്‍ശ്ശിച്ചു. യൂസഫ് കോറോത്ത്, ശശികുമാര്‍ അമ്പാളി, ഇ.ടി. സോമന്‍, എ.എം ബാലന്‍, കെ.എം. ശശീന്ദ്രന്‍, ഇ.പി ഭാസ്‌ക്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
extensive soil mining in the Mutukun mountain; A CPI team visited the spot