കരുവണ്ണൂര്‍: കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയില്‍ കരുവണ്ണൂരില്‍ ലോറി മരത്തില്‍ ഇടിച്ച് അപകടം. ഇന്ന് വൈകിട്ട് ആറ് മണിയോടെ കരുവണ്ണൂര്‍ നയാര പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്. റോഡരികിലെ വന്‍മരത്തില്‍ അമിത ലോഡ് കയറ്റിയ ലോറിയുടെ മുകള്‍ഭാഗം ഇടിച്ച് മരം മുറിഞ്ഞ് ലോറിയിലേക്ക് പതിച്ചാണ് അപകടം.
ഡ്രൈവര്‍ അവസരോചിതമായി ബ്രേക്ക് ചെയ്ത് നിര്‍ത്തിയതിനാല്‍ മരം മുറിഞ്ഞ് റോഡില്‍ വീഴാതെ വന്‍ അപകടം ഒഴിവായി. എതിരെ വന്ന കാറിന് സൈഡ് നല്‍കാന്‍ അരികിലേക്ക് ചേര്‍ത്ത് നിര്‍ത്തിയപ്പോഴാണ് ലോറിയുടെ വലിപ്പവും കവിഞ്ഞുള്ള ലോഡ് മരത്തില്‍ ഇടിച്ചത്.
സംഭവത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസം നേരിട്ടു. ധാരാളം വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിത്. അപകടം നടന്ന ഉടനെ പ്രദേശ വാസികളും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റാനുള്ള ശ്രമം നടത്തുകയും ചെയ്തു. തുടര്‍ന്ന് പേരാമ്പ്ര പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
ഇതേ രീതിയില്‍ ഏതു നിമിഷവും അപകടം വരുത്താവുന്ന രീതിയില്‍ നിരവധി മരങ്ങള്‍ പാതയോരങ്ങളില്‍ ഉണ്ട്. ഇവ മുറിച്ചു മാറ്റാന്‍ പലപ്പോഴായി ആവശ്യപ്പെട്ടിട്ടും ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ശ്രദ്ധിക്കുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി.
Accident in Karuvannur when a lorry hit a tree