കോഴിക്കോട്: ദിവസങ്ങള്‍ക്കു മുന്നേ കാണാതായ അവശനിലയിലായിരുന്ന വൃദ്ധനായ മനുഷ്യനെ ബന്ധുക്കളുടെ കരങ്ങളില്‍ സുരക്ഷിതമായി ഏല്‍പ്പിച്ച് കേരളാ സമാജം സൂറത്ത്. 20-12-2024 ന് കോഴിക്കോട്, വടകരക്കടുത്തുള്ള ചെറുവണ്ണൂര്‍ എന്ന ഗ്രാമത്തില്‍ നിന്നും കേരളാ സമാജം സൂറത്ത് പ്രസിഡണ്ട് സുനില്‍ നമ്പ്യാര്‍ക്ക് ഒരു ഫോണ്‍ സന്ദേശം എത്തുന്നു. മേല്പറഞ്ഞ ഗ്രാമത്തില്‍ നിന്നും ചന്തുക്കുട്ടി എന്ന 78 വയസ്സുള്ള അല്പം ഓര്‍മ്മപ്പിശകും മറ്റു അസ്വാസ്ഥ്യങ്ങളുമുള്ള ഒരു വയോധികനെ കാണാതാവുകയും അദ്ദേഹം ട്രെയിനില്‍ ബനാറസ് ഭാഗത്തെവിടെയോ എത്തിയിട്ടുണ്ടെന്ന സംശയത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും അതിന്മേല്‍ റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹം നവസാരിയില്‍ റെയിവേ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നും എങ്ങിനെയെങ്കിലും അദ്ദേഹത്തെ കണ്ടെത്തി നാട്ടിലെത്തിച്ചുകൊടുക്കണമെന്നും ഉള്ള അപേക്ഷയായിരുന്നു ആ ഫോണ്‍ സന്ദേശം.
സുനില്‍ ഉടനെ തന്നെ സമാജം ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്ക് സന്ദേശം കൈമാറുകയും , ഒപ്പം നവസാരി മലയാളി അസോസിയേഷനുമായി ഉടനെ തന്നെ ബന്ധപ്പെടുകയും ചെയ്തു.സൂറത്ത് സമാജം നല്‍കിയ നിര്‍ദ്ദേശാനുസരണം നവസാരി അസോയേഷനിലെ സി.ഡി ജയിംസിന്റെ നേതൃത്ത്വത്തില്‍ അസ്സോസിയേഷന്‍ പ്രവര്‍ത്തകര്‍ നവസാരി റെയില്‍വേ പോലീസില്‍ നിന്നും അദ്ദേഹത്തെ ഏറ്റുവാങ്ങി സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ കേരളാ സമാജം സൂറത്തിന്റെ സുനില്‍ നമ്പ്യാര്‍, ഷാജി ആന്റണി, വാസുദേവന്‍ , കെ.വി അനില്‍കുമാര്‍ എന്നീ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു.
അന്ന് തന്നെ വൈകിട്ടത്തെ ട്രെയിനില്‍ നാട്ടിലേക്ക് തിരിക്കുന്ന സമാജം പ്രസിഡണ്ട്, അവശനായ ഈ വൃദ്ധ മനുഷ്യനെ തന്റെ കൂടെ തന്നെ സെക്കന്‍ഡ് എ.സി കമ്പാര്‍ട്‌മെന്റില്‍ കയറ്റുകയും റെയില്‍വേ ഉദ്യോഗസ്ഥനുമായി സംസാരിച്ചു തന്റെ സീറ്റ് അദ്ദേഹത്തിന് നല്‍കിക്കൊണ്ട് അനുയോജ്യ യാത്ര അദ്ദേഹത്തിന് ഉറപ്പു വരുത്തുകയും ചെയ്തു. തുടര്‍ന്ന് വടകര റെയില്‍വേ സ്റ്റേഷനില്‍ ഈ വൃദ്ധനായ മനുഷ്യനെയും കൊണ്ട് ഇറങ്ങി അവിടെ കാത്തുനിന്ന ബന്ധുക്കള്‍ക്ക് ഇദ്ദേഹത്തെ സുരക്ഷിതമായി ഏല്‍പ്പിക്കുകയും ചെയ്തു. നഷ്ടപ്പെട്ടുപോയെന്ന് കരുതിയ തങ്ങളുടെ പ്രിയപ്പെട്ടവനെ തിരികെ കിട്ടിയ സന്തോഷത്താല്‍ നിറകണ്ണുകളോടെ കേരളാ സമാജം സൂറത്തിനും നവസാരി മലയാളി അസോസിയേഷനും ശ്രീ ചന്തുകുട്ടിയുടെ കുടുംബം നന്ദിപറഞ്ഞു. ഈ രക്ഷാദൗത്യത്തില്‍ സഹകരിച്ച നവസാരി മലയാളി അസോസിയേഷന് കേരളാ സമാജം സൂറത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി.
Kerala Samajam Hands Over Missing Elderly Woman To Relatives In Surat