മേപ്പയ്യൂര്‍:മേപ്പയ്യൂര്‍ , ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പുറക്കാമലയെ ക്വാറി മാഫിയകള്‍ക്ക് തീറെഴുതുന്ന അധികാരികളുടെ സമീപനത്തിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ആയിരങ്ങള്‍ അണിനിരന്ന ജനകീയ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ജമ്യം പാറയില്‍ നിന്ന് ആരംഭിച്ച ജനകീയ റാലി കീഴ്പ്പയ്യൂര്‍ മണപ്പുറത്ത് സമാപിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു
.ഭാരതത്തിന് ഹിമാലയ സാനുക്കള്‍ പോലെ കേരളത്തിന് സഹ്യപര്‍വ്വതം പോലെയാണ് മേപ്പയ്യൂര്‍ , ചെറുവണ്ണൂര്‍ പഞ്ചായത്തുകളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് പുറക്കാമലയെന്ന് അദ്ദേഹം പറഞ്ഞു. ഒരല്പം ശുദ്ധവായുവിനും ജലലഭ്യതയ്ക്കും വേണ്ടി ജനങ്ങള്‍ ക്വാറി മാഫിയകളോടും അവര്‍ക്ക് സൗകര്യമൊരുക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോടും സമരം ചെയ്യേണ്ടി വരുന്നത് ജനാധിപത്യത്തിന് തീരാക്കളങ്കമാണെന്നും ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങളെ നിരാകരിക്കുന്ന വികസന കാഴ്ചപ്പാട് ആത്മഹത്യാപരമാണെന്നും ജീവിക്കാന്‍ വേണ്ടി പോരാടുന്ന മനുഷ്യരോടൊപ്പം മുസ്ലിം ലീഗ് പാര്‍ട്ടി നിലകൊള്ളുമെന്നും സി.പി.എ അസീസ് പ്രഖ്യാപിച്ചു.
കീഴ്‌പോട്ട് പി. മൊയ്തി അധ്യക്ഷ വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍.വി ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ കരീം കോച്ചേരി, ടി.കെ.എ ലത്തീഫ് , കമ്മന അബ്ദുറഹിമാന്‍, എന്‍.എം കുഞ്ഞബ്ദുല്ല, എം.എം അഷ്‌റഫ, മുജീബ് കോമത്ത്, ഷര്‍മിന കോമത്ത,് അഷിത നടുക്കാട്ടില്‍ ,സറീന ഒളോറ, ഇ.കെ സുബൈദ, പി. മുംതാസ്, റാബിയ എടത്തില്‍ കണ്ടി, ഇല്യാസ് ഇല്ലത്ത്, ടി.എം.സി മൊയ്തി, കെ ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു.
ബക്കര്‍ മൈന്തൂര് , ഇല്ലത്ത് അബ്ദുറഹിമാന്‍, കെ.കെ മജീദ്, കീഴ്‌പോട്ട് അമ്മത്, പി.കെ ഇബ്രാഹിം, അഫ്‌സല്‍ പയോളി, ഷഹനാസ് , കീഴ്‌പോട്ട് മൊയ്തി എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.
Muslim League holds public rally in solidarity with Purakamala