കൊച്ചി: കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരുന്നു. അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതില്‍ നിന്ന് കാര്യമായ മാറ്റമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇന്ന് രാവിലെ നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ തലയുടെ പരിക്കിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ലെന്ന് വ്യക്തമായി. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും അതേസമയം, ശ്വാസകോശത്തിനേറ്റ ചതവും അവിടെ രക്തം കെട്ടിക്കിടക്കുന്നതുമാണ് ആശങ്കയുണ്ടാക്കുന്നത്.
വയറിന്റെ സ്‌കാനിലും കൂടുതല്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. രോഗിയുടെ വൈറ്റല്‍സ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിന് ഏറ്റ ഗുരുതരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ട സാഹചര്യമുണ്ട്.
ശ്വാസകോശത്തിന്റെ ചതവിനായി ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. വിശദമായി നടത്തിയ സ്‌കാനില്‍ അണ്‍ഡിസ്‌പ്ലേസ്ഡ് സെര്‍വിക്കല്‍ സ്‌പൈന്‍ ഫ്രാക്ചര്‍ ഉണ്ടെങ്കില്‍ കൂടി അടിയന്തരമായി ഇടപെടലുകള്‍ ആവശ്യമില്ല.
രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിനുശേഷം ആവശ്യമെങ്കില്‍ ചികിത്സാ നടപടിക്രമങ്ങള്‍ സ്വീകരിക്കാവുന്നതാണെന്നും മെഡിക്കല്‍ സംഘം മാധ്യമങ്ങളോട് പറഞ്ഞു. അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
നേരത്തെ തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഹൃദയത്തിന് നേരത്തെ തന്നെ സ്റ്റെന്റ് ഇട്ടിട്ടുണ്ട്. അതിന്റെ മരുന്ന് കഴിക്കുന്നത് കൊണ്ടാണ് കൂടുതല്‍ രക്തസ്രാവം ഇന്നലെ ഉണ്ടായത്. ശ്വാസകോശത്തിന്റെ ആരോഗ്യ അവസ്ഥയാണ് പ്രധാനപ്പെട്ടത്.
ആന്റിബയോട്ടിക് ചികിത്സകള്‍ തുടങ്ങിയിട്ടുണ്ട്. മറ്റ് അവയവങ്ങള്‍ക്ക് ഏറ്റ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് തലച്ചോറിനേറ്റ പരിക്ക് ഭേദമാകുകയുള്ളുവെന്നും മെഡിക്കല്‍ സംഘം പറഞ്ഞു.
Uma Thomas MLA remains on ventilator at kochi