കോഴിക്കോട്: ജില്ലയില്‍ 63.5 കിലോമീറ്റര്‍ സൗരോര്‍ജ്ജ വേലി സ്ഥാപിക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്‍ ലേഡീസ് ബാരക്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു. വന്യജീവികള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് തടയുന്നതിനും അഥവാ ഇറങ്ങിയാല്‍ സംഘര്‍ഷം പരമാവധി ലഘൂകരിക്കുന്നതിനും കോഴിക്കോട് വന ഡിവിഷനില്‍ ബഹുമുഖമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
ജില്ലയില്‍ 63.5 കിലോമീറ്റര്‍ സൗരോര്‍ജ്ജ വേലി സ്ഥാപിക്കുന്നതിന്റെ നിര്‍മാണവും വനിത ജീവനക്കാര്‍ക്കായി പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച ലേഡീസ് ബാരക്ക് കെട്ടിടത്തിന്റെയും ഉള്‍പ്പെടെ നാല് പദ്ധതികളുടെ ഉദ്ഘാടനം പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പെരുവണ്ണാമുഴി റേഞ്ചില്‍ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ ആലമ്പാറ ഉന്നതി, ഉണ്ടന്മൂല, മുത്തപ്പന്‍പുഴ, ഐ ഐ എസ് ആര്‍, ചെങ്കോട്ടക്കൊല്ലി, സീതപ്പാറ ഭാഗങ്ങളില്‍ 18 കിലോമീറ്റര്‍ ദൂരത്തിലാണ് സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മ്മിക്കുന്നത്. ഇതിന് 2.72 കോടിയാണ് ചെലവ്. കുറ്റ്യാടി റേഞ്ചില്‍ കാവിലുംപാറ, വാണിമേല്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴില്‍ വരുന്ന ഭാഗങ്ങളില്‍ 17.5 കിലോമീറ്ററിലും താമരശ്ശേരി റേഞ്ചില്‍ തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി ഗ്രാമ പഞ്ചായത്തുകളിലെ ഭാഗങ്ങളില്‍ 12 കിലോമീറ്റര്‍ ദൂരത്തിലും സൗരോര്‍ജ്ജ വേലിയാണ് സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവൃത്തി ഊരാളുങ്കല്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന് പുറമെ, കൃഷി വകുപ്പിന്റെ സഹകരണത്തോടെ താമരശ്ശേരി റേഞ്ചിലെ തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലെ ഭാഗങ്ങളില്‍ 1.25 കോടി രൂപ ചെലവില്‍ 16 കിലോമീറ്ററില്‍ സൗരോര്‍ജ്ജ തൂക്കുവേലിയുമാണ് നിര്‍മ്മിക്കുന്നത്. 'പുതുതായി സൗരോര്‍ജ വേലി നിര്‍മ്മിക്കുന്നതിന് പുറമേ ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്നത് തടയാന്‍ മൂന്ന് റേഞ്ചുകളിലായി നിലവിലുള്ള 27 കിലോമീറ്റര്‍ സൗരോര്‍ജ്ജ വേലികള്‍ അറ്റകുറ്റപ്പണി നടത്തുന്ന മിഷന്‍ ഫെന്‍സിങ് പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്,' മന്ത്രി കൂട്ടിച്ചേര്‍ത്തു.
പേരാമ്പ്ര മുതുകാട് സ്ഥാപിക്കുന്ന കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്കിന്റെ വിശദപദ്ധതി രേഖ തയാറാക്കുന്നതിന്റെ ടെണ്ടര്‍ നടപടി പുരോഗമിക്കുകയാണ്.മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി പരിക്കുപറ്റിയ വന്യജീവികളെ പുനരധിവസിപ്പിക്കുന്നആനിമല്‍ ഹോസ്‌പൈസ് സെന്റര്‍ മുതുകാട് തുടങ്ങുന്നതിന് കിഫ്ബി വഴി 10 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ രണ്ടാമത്തെ ഇത്തരം കേന്ദ്രമായിരിക്കുമിത്, മന്ത്രി പറഞ്ഞു. ജാനകിക്കാട്, തുഷാരഗിരി, കക്കാട്, കാക്കവയല്‍, പെരുവണ്ണാമുഴി, കക്കയം എന്നീ ഇക്കോ-ടൂറിസം കേന്ദ്രങ്ങളിലും കടലുണ്ടി കമ്മ്യൂണിറ്റി സെന്ററിലും പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
കക്കാടംപൊയില്‍, വയലട എന്നിവിടങ്ങളില്‍ പുതുതായി ഇക്കോ-ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അനുമതി ലഭ്യമാക്കുകയും അത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. വനാശ്രിത സമൂഹത്തിന്റെ സാംസ്‌കാരിക, വിദ്യാഭ്യാസപരമായ ഉന്നമനത്തിനായി കുടില്‍പാറ, പായോണ, വട്ടച്ചിറ, കുറുമരുകണ്ടി, അംബേദ്കര്‍, ചിറ്റാരി, ഓലിക്കല്‍, കുളത്തൂര്‍ എന്നീ 8 പട്ടികവര്‍ഗ ഉന്നതികളില്‍ രണ്ട് ലക്ഷം രൂപ മുടക്കി സ്ഥാപിച്ച എട്ട് ലൈബ്രറികളുടെ ഉദ്ഘാടനവും വനം മന്ത്രി നിര്‍വഹിച്ചു. കക്കയം, പെരുവണ്ണാമൂഴി, ആനക്കാംപൊയില്‍, കോഴിക്കോട് സിറ്റി, കുറ്റ്യാടി എന്നിവിടങ്ങളിലുള്ള സാറ്റലൈറ്റ് ആര്‍ആര്‍ടികളിലേക്കായി പുതുതായി വാങ്ങിയ വാഹനങ്ങളുടെ ഫ്‌ലാഗ്ഓഫും മന്ത്രി നിര്‍വഹിച്ചു. പരിപാടിയില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ചന്ദ്രി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എം പ്രദീപന്‍, കെ.എ ജോസുകുട്ടി, കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രജനി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ഉത്തരമേഖല സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എസ് ദീപ സ്വാഗതവും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യു ആഷിക് അലി നന്ദിയും പറഞ്ഞു.
He inaugurated the construction of 63.5 km of solar fencing in the district.