പേരാമ്പ്ര: നൊച്ചാട് - അരിക്കുളം ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി സമര പ്രഖ്യാപനം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സമതലത്തില്‍ നിന്ന് 45 മീറ്ററോളം ഉയരം ഉള്ളതും പരിസ്ഥിതിലോല പ്രദേശത്തില്‍ ഉള്‍പ്പെട്ടതും ഉരുള്‍പ്പൊട്ടാന്‍ സാധ്യതയുള്ള ലീസ്റ്റില്‍പ്പെട്ടതുമയ മലയാണ് മുതുകുന്ന് മല. മലയുടെ താഴ്‌വാരത്തില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നതും നിരവധി ജലസ്രോതസുക്കള്‍ സ്ഥിതി ചെയ്യുന്നതും നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ 10000 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാന്‍ ആവശ്യമായ ജലജീവന്റെ ടാങ്ക് നിലനില്‍ക്കുന്നതും ഈ മലയിലാണ്.
ഈ മല നൊച്ചാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നൊച്ചാട് ഇന്റഗ്രേറ്റഡ് മില്‍ക്ക് ആന്‍ഡ് അഗ്രോ ഫാം ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വാങ്ങി ഫാം ടൂറിസം നടത്തുകയാണെന്ന് പറഞ്ഞ് കൊണ്ട് അവിടെ സ്ഥലമുള്ള വ്യക്തികളെ കളവ് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് റോഡ് വെട്ടാന്‍ അനുമതി വാങ്ങിക്കുകയും റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച് വഗാഡ് കമ്പനിക്ക് മണ്ണ് ഖനനം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഒരു മല മുഴുവന്‍ മണ്ണെടുത്ത് ഇല്ലാതാക്കാനും പ്രകൃതിയെ നശിപ്പിച്ച് ഒരു നാടിനെയാകെ ദുരന്ത മുഖത്തേക്ക് തള്ളിവിടുന്ന വഗാഡ് കമ്പനിക്കെതിരെയും നൊച്ചാട് ഇന്റഗ്രേറ്റഡ് മില്‍ക്ക് ആന്‍ഡ് അഗ്രോ ഫാം ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.
സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സമരചൂട്ട് പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കുന്നുണ്ട്. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ഗാനരചയിതാവ് സാംസ്‌കാരിക പ്രവര്‍ത്തകന്‍ രമേഷ് കാവില്‍, ജനപ്രതിനിധികള്‍ കലാ സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും സമരചൂട്ടില്‍ പങ്കെടുക്കും.
മണ്ണെടുപ്പിന് അനുമതി നല്‍കിയ നൊച്ചാട് ഇന്റഗ്രേറ്റഡ് മില്‍ക്ക് ആന്‍ഡ് അഗ്രോഫാം ടൂറിസം കമ്പനി വഗാഡ് കമ്പനിയുമായി വെച്ച എഗ്രിമെന്റ് പിന്‍വലിക്കണമെന്നും പെര്‍മിറ്റ് റദ്ദാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സി.കെ അജീഷ്, ധനേഷ് കാരയാട്, സുബോധ് കാരയാട് എന്നിവര്‍ പങ്കെടുത്തു.
The hill will protect the mountain; The People's Strike Committee announced the strike