---
title: "പുറയങ്കോട് മഹാ ശിവക്ഷേത്രത്തിലെ പ്രഥമ ആറാട്ട് മഹോത്സവം നാളെ മുതല്‍"
english_title: "First Aarat Mahotsav at Purayankot Maha Shiva Temple from tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/260372/first-aarat-mahotsav-at-purayankot-maha-shiva-temple-from-tomorrow"
published_at: "2025-01-01T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6774f56cd0713_purayangod.jpg"
keywords: []
---

# പുറയങ്കോട് മഹാ ശിവക്ഷേത്രത്തിലെ പ്രഥമ ആറാട്ട് മഹോത്സവം നാളെ മുതല്‍

> **Lead Summary:** **പേരാമ്പ്ര: **പുറയങ്കോട് മഹാ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ജനുവരി 2 മുതല്‍ 8 വരെ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാക്കനാരാല്‍ പ്രതിഷ്ഠിതമായ ഈ പൗരാണിക ക്ഷേത്രത്തിലെ ആദ്യത്തെ ആറാട്ട് മഹോത്സവമാണ് നാളെ മുതല്‍ ആരംഭിക്കുന്നത്. രണ്ട് ശ്രീകോവില്‍ രണ്ടിലും ശിവപ്രതിഷ്ഠയും മധ്യത്തില്‍ രഹസ്യ വിധാനത്തില്‍ പൂജിക്കുന്ന ദേവസങ്കല്പവുമാണുള്ള ഈ ക്ഷേത്രത്തില്‍ ഹനുമാന്‍ സ്വാമിക്ക് പ്രതിഷ്ഠ, അവല്‍ നിവേദ്യം എന്നിവയും നടക്കുന്നു.

## Article Content

**പേരാമ്പ്ര: **പുറയങ്കോട് മഹാ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ജനുവരി 2 മുതല്‍ 8 വരെ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാക്കനാരാല്‍ പ്രതിഷ്ഠിതമായ ഈ പൗരാണിക ക്ഷേത്രത്തിലെ ആദ്യത്തെ ആറാട്ട് മഹോത്സവമാണ് നാളെ മുതല്‍ ആരംഭിക്കുന്നത്. രണ്ട് ശ്രീകോവില്‍ രണ്ടിലും ശിവപ്രതിഷ്ഠയും മധ്യത്തില്‍ രഹസ്യ വിധാനത്തില്‍ പൂജിക്കുന്ന ദേവസങ്കല്പവുമാണുള്ള ഈ ക്ഷേത്രത്തില്‍ ഹനുമാന്‍ സ്വാമിക്ക് പ്രതിഷ്ഠ, അവല്‍ നിവേദ്യം എന്നിവയും നടക്കുന്നു.

മണിക്കിണര്‍ ഇല്ലാത്ത ഇവിടെ പ്രകൃതിദത്തമായ വറ്റാത്ത നീരുറവയാണ് പുണ്യ തീര്‍ത്ഥമായി ഉപയോഗിക്കുന്നത്. ഈ തീര്‍ത്ഥത്തിന് കാവേരി സംക്രമവുമായി ബന്ധമുണ്ടെന്ന് ഐതീഹ്യങ്ങളുണ്ട്. സഹസ്രാബ്ദങ്ങള്‍ക്ക് ശേഷം ഇതാദ്യത്തെ കൊടിയേറ്റ് ആറാട്ടു മഹോത്സവമാണ് നടക്കുന്നത്. തുടര്‍ച്ചയായി 12 ഭഗവത് സപ്താഹങ്ങളും 2024 ല്‍ നവീകരണ കലശവും നടത്തപ്പെട്ടു.

'സന്താന സൗഭാഗ്യത്തിനും, സന്താന ഐശ്വര്യങ്ങള്‍ക്കുമായി ''അടിമമൂട്ടല്‍ ' എന്ന വഴിപാടു നടക്കുന്ന, പടിഞ്ഞാറ് ദര്‍ശനമായ അപൂര്‍വ്വം ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം'.

ജനുവരി 2 ന് കലവറ നിറയ്ക്കല്‍, ശുദ്ധിക്രിയകള്‍. 3 ന് വെള്ളിയാഴ്ച വൈകുന്നേരം 'കൊടിയേറ്റം ' തന്ത്രി ബ്രഹ്‌മശ്രീ ഡോ. ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിക്കുന്നു. അതിനു ശേഷം ക്ഷേത്രത്തിന്റെയും ദേശത്തിന്റെയും ചരിത്രം, നവീകരണ പ്രവര്‍ത്തനങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ വിശദമാക്കുന്ന സുവനീര്‍ പ്രകാശനം തന്ത്രി തഥവസരത്തില്‍ നിര്‍വഹിക്കുന്നു.

ക്ഷേത്രത്തെ പ്രകീര്‍ത്തിക്കുന്ന 'ശിവദം' മ്യൂസിക് ആല്‍ബം പ്രകാശനം പ്രശസ്ത ഗായിക ദേവനശ്രീ നിര്‍വഹിക്കുന്നു. ശിവദം ഗാനരചയിതാവ് സുരേന്ദ്രന്‍ കൂത്താളി, സംഗീതം നല്‍കിയ ദേവദാസ് പേരാമ്പ്ര, വിനീത് പേരാമ്പ്ര, അനൂപ് പാലേരി എന്നിവരെ ആദരിക്കും തുടര്‍ന്ന് നൃത്ത സംഗീത പരിപാടികള്‍ അരങ്ങേറും.

4 ന് ശനിയാഴ്ച ഉത്സവചടങ്ങുകളായ ശ്രീഭൂത ബലി. 5 ന് ഞായറാഴ്ച ഇരട്ടതായമ്പക-കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ നേതൃത്വത്തില്‍ നടക്കും. 6 ന് തിങ്കളാഴ്ച രാവിലെ പ്രശസ്തമായ ഉത്സവബലി നടക്കുന്നു. വൈകുന്നേരം വെള്ളൂര്‍ക്കര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളത്ത്. വാദ്യമേളങ്ങള്‍, താലപ്പൊലി, കാവടിയാട്ടം തുടങ്ങിയവയുടെ അകമ്പടിയോടെ ഭഗവത് രഥം ആനയിക്കപ്പെടുന്നു. 7 ന് തിങ്കളാഴ്ച പള്ളിവേട്ട, പള്ളിക്കുറിപ്പ്, അഖണ്ഡനാമജപ യജ്ഞം. 8 ന് ചൊവ്വാഴ്ച കുളിച്ചാറാട്ട്, ആറാട്ട് സദ്യയോടെ ആറാട്ട് മഹോത്സവം സമാപിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കേളോത്ത് രവീന്ദ്രന്‍, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഇ.ടി ശ്രീനിവാസന്‍, സെക്രട്ടറി ടി.പി നാരായണന്‍, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/260372/first-aarat-mahotsav-at-purayankot-maha-shiva-temple-from-tomorrow)