കല്ലാനോട് : ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ കല്ലാനോട് മത്സ്യ വിത്തുല്പാദന കേന്ദ്രം സന്ദര്‍ശിച്ച് പ്രവൃത്തി വിലയിരുത്തി. നബാര്‍ഡ് ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടില്‍ ആര്‍ഐഡിഎഫ് ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന, സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള കല്ലാനോട്ടെ മത്സ്യ വിത്തുല്പാദന കേന്ദ്രത്തിലെ ഗിഫ്റ്റ് തിലാപ്പിയ ഹാച്ചറിയുടെ ജെനിറ്റിക്കലി ഇമ്പ്രൂവ്ഡ് ഫാര്‍മ്ഡ് പ്രവൃത്തി ത്വരിതപ്പെടുത്താന്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

കല്ലാനോട് മത്സ്യ വിത്തുല്പാദന കേന്ദ്രം സന്ദര്‍ശിച്ചശേഷം ഫിഷറീസ്, ജലസേചനം, ഹാര്‍ബര്‍ എന്‍ജിനീയറിങ്, കെഎസ്ഇബി എന്നീ വിവിധ വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് കലക്ടര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഉത്തരകേരളത്തിലെ മൊത്തം മത്സ്യകര്‍ഷകര്‍ക്ക് വളരെയേറെ ഉപകാരപ്രദമാകുന്ന ഹാച്ചറി നിര്‍മ്മാണം വേഗത്തിലാക്കണമെന്നും ഇതുസംബന്ധിച്ച് വിവിധ വകുപ്പുകള്‍ മികച്ച ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
മത്സ്യ വിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി മൂന്നുമാസം മുമ്പ് ആരംഭിച്ച പദ്ധതിയുടെ അടങ്കല്‍ തുക 19.81 കോടി രൂപയാണ്. ഹാച്ചറി സജ്ജമായാല്‍ ഒരു വര്‍ഷം ഇവിടെ നിന്നും 60 ലക്ഷം തിലാപ്പിയ കുഞ്ഞുങ്ങളെ മത്സ്യ കര്‍ഷകര്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഉത്തരകേരളത്തിലെ മുഴുവന്‍ മത്സ്യ കര്‍ഷകരും ഉള്‍പ്പെടും.
ഇതോടെ ഉത്തരകേരളത്തിലെ മത്സ്യ ഉല്‍പാദനം വര്‍ഷം 2400 ടണ്‍ വര്‍ധിക്കുമെന്നും ഈ ഇനത്തില്‍ കര്‍ഷകര്‍ക്ക് ഒരു വര്‍ഷം 36 കോടി രൂപയുടെ വരുമാനം ഉണ്ടാകുമെന്നുമാണ് കരുതുന്നത്. യോഗത്തില്‍ ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബി.കെ സുധീര്‍ കിഷന്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പി അനീഷ്, എം ചിത്ര, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി ജയദീപ്, കൊയിലാണ്ടി തഹസില്‍ദാര്‍ (എല്‍ആര്‍) സി സുബൈര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജിത്തു തുടങ്ങിയവര്‍ സംബന്ധിച്ചു.
Collector visited Kallanod fish seed production center