പേരാമ്പ്ര: സ്വയം മറന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് ആദരവുമായി പേരാമ്പ്ര അഗ്നിരക്ഷാനിലയം. ഇന്നത്തെ കാലത്ത് അപകടങ്ങള്‍ കണ്ടാല്‍ ഫോണില്‍ പകര്‍ത്താനുള്ള തിരക്കാണ് മിക്കവരിലും കാണാറുള്ളത്. എന്നാല്‍ ഇവിടെ സ്വജീവന്‍ മറന്ന് ഒരു ജീവന്‍ രക്ഷിക്കാന്‍ ഓടിയെത്തിയ യുവാക്കള്‍ നാടിന് മാത്രമല്ല സമൂഹത്തിന് തന്നെ മാതൃകയായിരിക്കുകയാണ്.

റിജേഷ് കടിയങ്ങാട്, മുനീര്‍ മലയില്‍, റിയാസ് നാഗത്ത് എന്നിവരാണ് ആദരവിന് അര്‍ഹരായ യുവാക്കള്‍. കഴിഞ്ഞ ദിവസം കടിയങ്ങാട് പുറവൂരില്‍ അടക്ക പറിയ്ക്കുന്നതിനിടയില്‍ മിഷീനില്‍ കാല്‍ കുടുങ്ങി തലകീഴായ് കിടന്ന വയോധികനായ തൊട്ടാര്‍ മയങ്ങിയില്‍ അമ്മദ് ഹാജിയെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ വരുന്നത് വരെ ഇയാളെ കവുങ്ങിനോട് ചേര്‍ത്ത് കെട്ടി സംരക്ഷിക്കുകയാണ് ഇവര്‍ ചെയ്തത്.
പേരാമ്പ്ര അഗ്നിരക്ഷാസേന നിലയത്തില്‍ വെച്ച് സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീശന്‍ ഇവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സീനിയര്‍ ഫയര്‍ & റെസ്‌ക്യു ഓഫീസര്‍ കെ.ടി റഫീക്ക്, ചങ്ങരോത്ത് പഞ്ചായത്ത് അംഗം കെ.എം ഇസ്മയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിലെ സുവര്‍ണ്ണ നിമിഷത്തിന്റെ പ്രാധാന്യത്തെ കുറിച്ചും നടത്തേണ്ട പ്രാഥമിക പ്രവര്‍ത്തനങ്ങളെ കുറിച്ചു സ്റ്റേഷന്‍ ഔഫീസ്സര്‍ ചടങ്ങില്‍ വിശദീകരിച്ചു. അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഫയര്‍ & റെസ്‌ക്യു ഓഫീസ്സര്‍ അഭിലജ്പത് ലാല്‍ നന്ദിയും പറഞ്ഞു.
Perambra Agni Raksha Nilayam pays tribute to those who have forgotten themselves