പേരാമ്പ്ര : സ്വപ്‌ന യാത്ര ആകാശ യാത്രയാക്കി നരയംകുളത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍. ജീവിതത്തില്‍ ആകാശ യാത്ര എന്നത് ഒരു സ്വപ്നമായി തന്നെ അവശേഷിക്കും എന്ന് കരുതിയവരാണ് ഇവരില്‍ പലരും. എന്നാല്‍ കരിപ്പൂരില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് അവര്‍ വിമാനത്തില്‍ യാത്ര നടത്തി സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ്.

യാത്രക്കുള്ള ചിലവിന് പോലും ഇവര്‍ ആരുടെ മുന്നിലും കൈ നീക്കിയില്ല. സ്വന്തമായി അധ്വാനിച്ച തുക കൊണ്ടാണ് 30 അംഗം വനിതകള്‍ ആകാശ യാത്ര നടത്തിയത്. ഭൂരിഭാഗം ആളുകളും തൊഴിലുറപ്പ് തൊഴിലാളികളാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് നരയംകുളത്ത് നിന്നും കരിപ്പൂരിലേക്ക് യാത്ര തിരിച്ചത്. രാവിലെ 9.10 ന് പുറപ്പെട്ട വിമാനം 10 മണിയോടെ നെടുമ്പാശ്ശേരിയിലെത്തി. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവയിലൂടേയും യാത്ര നടത്തി വൈകിട്ട് 5.30 ന്റെ ട്രെയിനില്‍ കൊയിലാണ്ടിക്ക് തിരിച്ചു.
കോട്ടൂര്‍ പഞ്ചായത്ത് നരയംകുളം രണ്ടാം വാര്‍ഡ് അംഗം ടി.പി. ഉഷയും സംഘത്തില്‍ ഉണ്ടായിരുന്നു. എഡിഎസ് ചെയര്‍ പേഴ്‌സണ്‍ എ.കെ. ലിഷ ആയിരുന്നു യാത്രയുടെ കോ-ഓര്‍ഡിനേറ്റര്‍, സിഡിഎസ് അംഗങ്ങളായ ശ്രീലത ഉത്രാലയം, സരോജിനി എരഞ്ഞോളി എന്നിവര്‍ അസി: കോ-ഓര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിച്ചു.
ഇവരെ കൂടാതെ ടി.പി. ചന്ദ്രിക, മോളി രാഹുലന്‍, സി.പി. രജനി എന്നിവരും യാത്രക്ക് നേതൃത്വം നല്‍കി. ഫര്‍ഹാന്‍ ഷാഫി ആയിരുന്നു ട്രാവല്‍ ഗൈഡ്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണ് ഈ വിനോദയാത്ര നല്‍കിയതെന്ന് കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു.
സ്ത്രീകള്‍ മാത്രമായുള്ളൊരു വിമാന യാത്ര സ്ത്രീ ശാക്തീകരണത്തിന്റെ തെളിവാണെന്ന് വാര്‍ഡ് അംഗം ടി. പി. ഉഷയും യാത്രയുടെ കോ- ഓര്‍ഡിനേറ്റര്‍ എ.കെ. ലിഷയും പറഞ്ഞു.
Kudumbashree workers who have crossed 60 turned their dream journey into an aerial journey