പേരാമ്പ്ര :പേരാമ്പ്ര ചാലിക്കരയില്‍ ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മാഹൂതി ശ്രമം. സ്ഥലത്ത് സംഘര്‍ഷം നില നില്‍ക്കുന്നു. ജനവാസ മേഖലയില്‍ നിന്ന് ടവര്‍ നിര്‍മ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിലാണ് സംഘര്‍ഷം ഉണ്ടായത്.

സംഘര്‍ഷത്തിനിടെ ഒരാള്‍ ആത്മാഹൂതി ശ്രമം നടത്തി. അരയില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിക്കാനുള്ള ശ്രമത്തിനിടെ സിഐ കയറിപിടിക്കുകയും യുവാവിനെ മാറ്റുകയും ചെയ്തു. ഇതിനിടയില്‍ പെട്രോള്‍ സിഐ യുടെ കണ്ണില്‍ വീഴുകയും ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തി ചികിത്സതേടിയതിനു ശേഷം വീണ്ടും സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. വനിത പൊലീസ് ഉള്‍പ്പെടെ 3 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കുണ്ട്.
സമരക്കാര്‍ എതിര്‍ത്തപ്പോള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് ബലം പ്രയോഗിക്കേണ്ടി വന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 ഓളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പേരാമ്പ്ര സ്‌റ്റേഷനില്‍ കൊണ്ടുവന്നവരില്‍ 2 സ്ത്രീകള്‍ കുഴഞ്ഞ് വീഴുകയും ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Suicide attempt during anti-tower strike at Perambra Chalikkara; Conflict in place