പേരാമ്പ്ര : ചാലിക്കരയിലെ ടവര്‍ വിരുദ്ധ സമരം ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. പൊലീസ് ടവര്‍ കമ്പനി പ്രതിനിധികളും സമര നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം ഇന്നത്തേക്ക് അവസാനിപ്പിച്ചത്.

നിര്‍മ്മാണ പ്രവര്‍ത്തി രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാളെ സമര സമിതി നേതാക്കളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
രണ്ട് വര്‍ഷത്തിലേറെയായി ഇവിടെ ടവര്‍ നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ പ്രതിരോധത്തലാണ്. ടവര്‍ നിര്‍മ്മാണത്തിനായി സ്വകാര്യ കമ്പനി കണ്ടെത്തിയ സ്ഥലത്ത് ഇന്ന് വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ സമരക്കാര്‍ പ്രതഷേധവുമായി എത്തി പണി തടയാന്‍ ശ്രമിക്കുകയായിരുന്നു.
ഇവിടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കൊടി നാട്ടിയിരുന്നത് ഇന്ന് പിഴുത് മാറ്റിയ ശേഷമാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
ടവര്‍ നിര്‍മ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിനിടെ ഒരാള്‍ ആത്മാഹുതി ശ്രമം നടത്തി. അരയില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദ് ഓടിയെത്തി പെട്രോള്‍ കുപ്പി തട്ടി മാറ്റുകയായിരുന്നു.
പെട്രോള്‍ ദേഹത്ത് ഒഴിക്കുന്നത് തടയാനുള്ള ശ്രമത്തിനിടയില്‍ പെട്രോള്‍ പൊലീസ് ഇന്‍സ്പക്ടറുടെ കണ്ണില്‍ വീഴുകയും ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തി ചികിത്സതേടിയതിനു ശേഷം വീണ്ടും സംഭവ സ്ഥലത്ത് എത്തുകയുമായിരുന്നു. വനിത പൊലീസ് ഉള്‍പ്പെടെ 3 പേര്‍ക്ക് സംഘര്‍ഷത്തില്‍ നിസാര പരിക്കുണ്ട്.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സമരക്കാര്‍ എതിര്‍ത്തപ്പോള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് ബലം പ്രയോഗിക്കേണ്ടി വന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 ഓളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പേരാമ്പ്ര പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നവരില്‍ 2 സ്ത്രീകള്‍ കുഴഞ്ഞ് വീഴുകയും ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
chalikkara Anti-Tower Strike; The strike was suspended for the time being