മുതുകാട് : പേരാമ്പ്ര മേഖല സോഷ്യലിസ്റ്റ് സാംസ്‌കാരികവേദി മാര്‍ച്ച് 15 ന് മുതുകാട് അങ്ങാടിയില്‍ വെച്ച് കര്‍ഷക പ്രക്ഷോഭ സംഗമം സംഘടിപ്പിക്കുന്നുവെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മലയോര മേഖലയില്‍ കുടിയേറിപ്പാര്‍ത്ത് മലബാറിലെ മണ്ണില്‍ കഠിനാധ്വാനം ചെയ്ത് കനകം വിളയിക്കുന്ന മണ്ണാക്കി മാറ്റിയ കര്‍ഷകര്‍ ഇപ്പോള്‍ വലിയഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട് അവര്‍ നിസ്സഹായകരും നിരാലംബരുമായിത്തീര്‍ന്നിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
കാട്ടാന, കാട്ടുപോത്ത്, കടുവ, കരടി, കാട്ടുപന്നി, മുള്ളന്‍ പന്നി, കുരങ്ങ്, മരപ്പട്ടി, മലയണ്ണാന്‍ തുടങ്ങി വനത്തില്‍ ജീവിക്കേണ്ട വന്യമൃഗങ്ങള്‍ ഇപ്പോള്‍ നാട്ടില്‍ ഇറങ്ങിയിരിക്കുന്നു. ഈ ജീവിവര്‍ഗങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് സംരക്ഷണം ഒരുക്കേണ്ട അധികാരികള്‍ നിസ്സംഗരായി നോക്കിനില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഈ പ്രതിസന്ധിയില്‍ നിന്നും ഈ ജനസമൂഹത്തെ രക്ഷപ്പെടുത്താന്‍ വേണ്ടി നാം ഒറ്റക്കെട്ടായി മുന്നേറേണ്ടതുണ്ടെന്നും ആയതിനാല്‍ പേരാമ്പ്ര മേഖല സോഷ്യലിസ്റ്റ് സാംസ്‌കാരികവേദി വന്യജീവി കര്‍ഷക സംഘര്‍ഷങ്ങളെ ഗൗരവമായി കണ്ടുകൊണ്ട് 'ജീവിക്കണം; വന്യമൃഗങ്ങളെ അതിജീവിക്കണം' എന്ന ജീവന്മരണ മുദ്രാവാക്യമുയര്‍ത്തി മാര്‍ച്ച് 15-ന് കര്‍ഷക പ്രക്ഷോഭ സംഗമം മുതുകാട് അങ്ങാടിയില്‍ വെച്ച് നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ഈ സംവാദപരിപാടിയില്‍ വിവിധ കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി. കുഞ്ഞമ്മത്കുട്ടി എംഎല്‍എ, ഇ.പി. ദാമോദരന്‍, മുനീര്‍ എരവത്ത്, സി.ആര്‍. പ്രഫുല്‍കൃഷ്ണ, അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ എടക്കോടന്‍, സംഘാടക സമിതി ചെയര്‍മാന്‍ കെ.ജി രാമനാരായണന്‍, വിജു ചെറുവത്തൂര്‍, വര്‍ഗീസ് കോലത്തു വീട്, കെ.പി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Farmers' protest rally tomorrow at Muthukadu market