പെരുവണ്ണാമൂഴി: 'കൃഷി സൗഗന്ധികം - 2025' സാങ്കേതിക വാരാഘോഷത്തിന് പെരുവണ്ണാമൂഴി കെവികെയില്‍ തുടക്കമായി. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. കെവികെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട ബി.സി. പരിയേയി കൊടുവള്ളി, കെ. രാധാകൃഷ്ണന്‍ കാരയാട്, സവിതാ കുഞ്ഞിരാമന്‍ പന്നിക്കോട്ടൂര്‍, പി.പി. ഉണ്ണികൃഷ്ണന്‍ കോതോട് എന്നിവരെ പ്രസിഡന്റ് ഉപഹാരം നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഐഐഎസ്ആര്‍ ഫാം സൂപ്രണ്ട് പവന്‍ ഗൗഡ, കര്‍ഷക പ്രമുഖരായ ടി. ഷൈലമ്മ, കെ.ടി. പത്മനാഭന്‍ ആവള എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്നു നടന്ന സെമിനാറില്‍ ഇഞ്ചി, മഞ്ഞള്‍, കുരുമുളക് എന്നിവയുടെ കൃഷിരീതികള്‍ വിഷയത്തില്‍ ഡോ. കെ.എം. പ്രകാശും, പച്ചക്കറികളിലെ രോഗ കീട നിയന്ത്രണം വിഷയത്തില്‍ ഡോ. കെ.കെ. ഐശ്വര്യ, പച്ചക്കറി വിളകളിലെ മൂല്യവര്‍ധനവ് സംബന്ധിച്ച് എ. ദീപ്തി എന്നിവരും ക്ലാസെടുത്തു.
അലങ്കാര മത്സ്യകൃഷിയില്‍ ഡോ. ബി. പ്രദീപ് ക്ലാസെടുത്തു. സമാപന ദിനമായ ഇന്ന് കുറ്റിക്കുരുമുളക് കൃഷി സംബന്ധിച്ച് ഡോ. പി.എസ്. മനോജ് ക്ലാസെടുക്കും. സാങ്കേതിക വാരാഘോഷത്തിന്റെ ഭാഗമായി വിവിധ നടീല്‍ വസ്തുക്കളുടെയും, കാര്‍ഷിക ഉപകരങ്ങളുടേയും, ഭക്ഷ്യ വസ്തുക്കളുടേയും, തേന്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവും ഒരുക്കിയിട്ടുണ്ട്.
Technology Week celebration begins at Krishi Vigyan Kendra at peruvannamoozhi