അരിക്കുളം: മാനവ ഐക്യ സന്ദേശവുമായി കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കാളിയത്ത് എഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. മതങ്ങള്‍ക്ക് അതീതമായ മാനവികതയും മനുഷ്യസ്‌നേഹവുമാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീരാമഭക്തനായ ഗാന്ധി ദൈവം സ്‌നേഹവും സത്യവുമാണെന്ന് പഠിപ്പിച്ചുവെന്നും കപട വിശ്വാസങ്ങളുടെ കാലത്ത് ഇരുട്ടില്‍ വെളിച്ചമായി മാറാന്‍ കഴിയണമെന്നും ചിരിക്കാന്‍ മറന്നു പോകുന്ന പുതിയ കാലത്ത് ഒരു ചെറുപുഞ്ചിരിയെങ്കിലും മറ്റുള്ളവര്‍ക്ക് നല്‍കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് രമേശ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി. ലോകത്തിലെ ഏറ്റവും വലിയ അറിവ് വിശപ്പാണെന്നും വിശപ്പറിഞ്ഞവനേ വിജ്ഞാനമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഹിറാ ഗുഹയില്‍ ധ്യാനനിമഗ്‌നനായി ഇരുന്നപ്പോള്‍ മുഹമ്മദിന് വിശന്നിരുന്നു. അജ്ഞാത വേഷങ്ങളില്‍ അറിവിനുവേണ്ടി അലഞ്ഞപ്പോള്‍ യേശുവിന് വിശന്നിരുന്നു. വന സഞ്ചാരികളായ മഹര്‍ഷിമാര്‍ വിശപ്പറിഞ്ഞവരാണ്. വിശപ്പാണ് നവീകരിക്കാനുള്ള സമരായുധമെന്ന് ഗാന്ധി ലോകത്തെ പഠിപ്പിച്ചു. റമദാന്‍ നല്‍കുന്ന പാഠവും അതാണ് അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങളായ ദൈവ സൃഷ്ടികളെയെല്ലാം അംഗീകരിക്കുന്ന മതമാണ് ഇസ്ലാം. ബഹുസ്വരതയെ അംഗീകരിക്കാത്തവര്‍ ഏക ദൈവവിശ്വാസികളല്ല. വര്‍ണത്തിന്റെ പേരില്‍ അപമാനിക്കപ്പെടുകയും മാറ്റി നിര്‍ത്തപ്പെടുകയും ചെയ്യുന്ന കാലം ചോദ്യം ചെയ്യപ്പെടണം. ഭഗവാന്‍ കൃഷ്ണന്‍ കറുത്തിട്ടായിരുന്നു. പ്രവാചകന്‍ ആദ്യമായി ബാങ്കു വിളിപ്പിച്ച ബിലാല്‍ കറുത്തവനായിരുന്നു. വര്‍ണ വിവേചനവും വര്‍ണവെറിയും നിലനില്‍ക്കുന്ന സമൂഹത്തില്‍ ശരിയായ രാഷ്ട്രീയ പ്രചാരകരാകാന്‍ നമുക്ക് കഴിണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനവ ഐക്യദാര്‍ഢ്യ സന്ദേശവും ലഹരി വിരുദ്ധ പ്രതിജ്ഞയും മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി രാമചന്ദ്രന്‍ നീലാംബരി അവതരിപ്പിച്ചു. നിരവധിയാളുകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ലഭിക്കുന്നതിന് വഴി കാട്ടിയായ പാലക്കണ്ടി മമ്മിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഹാഷിം കാവില്‍, ഇ.കെ അഹമ്മദ് മൗലവി, മുനീര്‍ എരവത്ത്, സത്യന്‍ കടിയങ്ങാട്, ഇ അശോകന്‍, കെ.പി രാമചന്ദ്രന്‍, സുകുമാരന്‍ ചാലയില്‍, ആരിഫ് സഖാഫി, പി ഭാസ്‌കരന്‍, ഇമ്പിച്ചി അലി തറവട്ടത്ത്, വി.പി ഷരീഫ്, സി രാമദാസ് എന്നിവര്‍ സംസാരിച്ചു.
Congress Committee's Iftar meeting with a message of human unity at meppayoor