പേരാമ്പ്ര : പേരാമ്പ്ര പെരുമ എന്നത് സ്ഥിരം ബ്രാന്റായി നിലനിര്‍ത്തുന്നതിന് തുടക്കം കുറിക്കുന്ന പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഫെസ്റ്റ് പേരാമ്പ്ര പെരുമക്ക് നാളെ തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 1 മുതല്‍ 12 വരെ പേരാമ്പ്രയുടെ ദിനരാത്രങ്ങള്‍ക്ക് ഉത്സവഛായ പകര്‍ന്ന് പേരാമ്പ്ര പെരുമ നിറഞ്ഞാടും. കലയുടെയും സാഹിത്യത്തിന്റെയും വേദികള്‍ നാടിനെ പുളകം കൊളളിക്കുമ്പോള്‍ സാധാരണക്കാരന്റെ ഉല്പന്നങ്ങള്‍ക്ക് വിപണി ഒരുക്കാനും വ്യാപാര മേഖലയെ കൈ പിടിച്ചുയര്‍ത്താനും പേരാമ്പ്ര പെരുമ ലക്ഷ്യമിടുന്നു.

സര്‍വ്വ മേഖലകളിലുമുള്ള പേരാമ്പ്രയുടെ പെരുമ വിളിച്ചോതി പേരാമ്പ്ര ഇതുവരെ കണ്ടതിനപ്പുറം കാഴ്ചയുടെയും കേള്‍വിയുടെയും വിസ്മിയിപ്പിക്കുന്ന അനുഭവങ്ങളുമായാണ് പേരാമ്പ്ര പെരുമയ്ക്ക് തിരശ്ശീല ഉയരുന്നത്. സിനിമ നാടക സാഹിത്യ കലാ രംഗത്ത് രാജ്യത്തുതന്നെ ശ്രദ്ധിക്കപ്പെട്ട കലാകാരന്മാരും സംഘങ്ങളുമാണ് തങ്ങളുടെ ഏറ്റവും മികച്ച പരിപാടികളുമായി പേരാമ്പ്രയില്‍ എത്തുന്നത്. പേരാമ്പ്ര ടി ബി റോഡില്‍ കുറ്റ്യാടി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് പിന്‍ഭാഗത്തായി ഒരുക്കുന്ന പ്രധാന വേദിയിലാണ് കലാ മാമാങ്കത്തിന് കേളികൊട്ടുയരുന്നത്. പേരാമ്പ്ര ഇതുവരെ കാണാത്ത സമ്മോഹനമായ അനുഭവമായി പേരാമ്പ്ര ഫെസ്റ്റിനെ മാറ്റുമെന്ന് സംഘാടകര്‍ അറിയിച്ചു.
നാളെ വൈകിട്ട് 6 മണിക്ക് നടക്കുന്ന കുട്ടികളുടെ നാടകോത്സവത്തോടെയാണ് ഫെസ്റ്റ് തുടക്കം കുറിക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനം നേടിയ ശ്വാസം, ഏറ്റം , കൊക്കേ കൊക്കേ ക്കോ എന്നീ മൂന്നു നാടകങ്ങള്‍ നാളെ അരങ്ങേറും. ഏപ്രില്‍ 2 ബുധന്‍ വൈകിട്ട് 6.30 ന് വി ടി മുരളി നയിക്കുന്ന ഗാനമേള. പരിപാടി പ്രസിദ്ധ ഗായിക ദലീമ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മൂന്നിന് വൈകിട്ട് 6 30ന് ആലപ്പുഴ മരുതം തിയേറ്റര്‍ ഗ്രൂപ്പിന്റെ ബിഗ് ബജറ്റ് നാടകം നാടന്‍ മോക്ഷം അരങ്ങേറും. നാലിന് വൈകിട്ട് വിവിധ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഡാന്‍സ് പെരുമ, അഞ്ചിന് വൈകിട്ട് ആറുമണിക്ക് യൂമ്‌ന അജിന്‍ നയിക്കുന്ന മ്യൂസിക് ബാന്‍ഡ്, ആറിന് വൈകിട്ട് ഏഴിന് കുടുംബശ്രീ ഫെസ്റ്റ് എന്നിവ നടക്കും.
ഏപ്രില്‍ ഏഴ് തിങ്കളാഴ്ച വൈകിട്ട് ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടന കര്‍മ്മം നടക്കും. വൈകിട്ട് വര്‍ണ്ണാഭമായ ഘോഷയാത്രയും തുടര്‍ന്ന് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രസിദ്ധ ചലച്ചിത്ര സംവിധായകനും നടനുമായ ബേസില്‍ ജോസഫ് പരിപാടിയില്‍ മുഖ്യാതിഥിയാവും. തുടര്‍ന്ന് മലയാളിയുടെ ഹൃദയ താളമായി മാറിയ ശ്രീമതി സിത്താര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും.
ഏപ്രില്‍ എട്ടിന് വൈകിട്ട് ഏഴിന് യുവതലമുറയുടെ ഹരമായി മാറിയ ഏഷ്യന്‍ ഡ്രാഗണ്‍ ഡാന്‍സ് ടീം അവതരിപ്പിക്കുന്ന ഡാന്‍സ് ഓണ്‍ വീല്‍സ് പേരാമ്പ്രക്കൊപ്പം നൃത്തം ചെയ്യും. 9 ന് വൈകുന്നേരം 7 മണിക്ക് നാട്ടു നാട്ടു ഫെയിം ഗായകന്‍ യാസിന്‍ നിസാറിന്റെ നേതൃത്വത്തിലുള്ള കലാ കേരളം അരങ്ങത്തെത്തും. ഏപ്രില്‍ 10 വൈകിട്ട് 5 മണിക്ക് ആയോധനകലയുടെ അടവുകള്‍ കലര്‍ന്ന വ്യതിരിക്തമായ നൃത്തച്ചുവടുകള്‍ കൊണ്ട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച ചലച്ചിത്ര നടി റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന നൃത്ത പ്രകടനം.
11ന് വൈകിട്ട് 7 മണിക്ക് ഹനാന്‍ ഷാ ആന്റ് ബാന്റും, അവസാന ദിവസമായ 12ന് വൈകുന്നേരം ഏഴുമണിക്ക് ആട്ടം തേക്കിന്‍ കാട് അവതരിപ്പിക്കുന്ന ബാന്റ് പെര്‍ഫോമന്‍സും അരങ്ങേറും. പേരാമ്പ്ര ഒരുമയുടെ അനുബന്ധ പരിപാടികള്‍ക്ക് ഇതിനകം തുടക്കം കുറിച്ചതായും നാട്ടുകാരുടെയും വ്യാപാരികളുടെ സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരുടെയും നിര്‍ലോഭമായ പിന്തുണയോടെ ഫുട്‌ബോളിന്റെ ലഹരി സമ്മാനിക്കുന്ന മഡ് ഫുട്‌ബോള്‍, ചലച്ചിത്രോത്സവം, ചിത്ര പെരുമ എന്ന പേരില്‍ ചിത്രരചന ക്യാമ്പും ചിത്ര പ്രദര്‍ശനവും മെഹന്തി ഫെസ്റ്റ് എന്നിവ ഇതിനോടകം നടത്തി കഴിഞ്ഞു.
പേരാമ്പ്രയിലും പരിസരത്തും ഉള്ള വിദ്യാര്‍ത്ഥികള്‍ക്കു് തൊഴിലിനെ കുറിച്ചുള്ള കൃത്യമായ അവബോധം നല്‍കുന്ന കരിയര്‍ ഫെസ്റ്റ്, സാഹിത്യോത്സവം, മെഗാമെഡിക്കല്‍ എക്‌സിബിഷന്‍, കുടുംബശ്രീ വിപണമേള, കാര്‍ഷിക വിപണനമേള, റോബോട്ടിക് ഷോ, പെറ്റ് ആന്‍ഡ് ആനിമല്‍ ഷോ, അമ്യൂസ്‌മെന്റ് ഷോ, മാധ്യമ സെമിനാര്‍, ഫുഡ് ഫെസ്റ്റ്, ലഹരിക്കെതിരെ മിനി മാരത്തോണ്‍, അലങ്കാര മത്സ്യ പ്രദര്‍ശനം, പേരാമ്പ്രയുടെ പോയ കാലത്തിന്റെ കഥ പറയുന്ന പേരാമ്പ്ര ചന്തയും പെരുമയുടെ ഭാഗമായി നടക്കും.
പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പേരാമ്പ്ര പെരുമ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എസ്.കെ. ചെയര്‍മാന്‍ വി.കെ. പ്രമോദ്, ട്രഷറര്‍ കെ.എം റീന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനോദ് തിരുവോത്ത്, മിനി പൊന്‍പറ , കെ.കെ പ്രേമന്‍, സംഘാടക സമിതി ഭാരവാഹികളായ ഹര്‍ഷന്‍ തിരുവോത്ത്, വി.എം. ശ്രീനി, അഭിലാഷ് തിരുവോത്ത്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എല്‍.കെ ഷിജു എന്നിവര്‍ സംബന്ധിച്ചു.
Perambra Fest begins tomorrow, resounding the Perambra Peruma