---
title: "ദൃശ്യം ; ബഹിഷ്‌ക്കരണ തീരുമാനവുമായി യുഡിഎഫ്"
english_title: "Visual: UDF decides to boycott at arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/280525/visual-udf-decides-to-boycott-at-arikkulam"
published_at: "2025-04-01T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ebb2b229abe_eterytu.JPG"
keywords: []
---

# ദൃശ്യം ; ബഹിഷ്‌ക്കരണ തീരുമാനവുമായി യുഡിഎഫ്

> **Lead Summary:** **അരിക്കുളം**: അരിക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദൃശ്യം പരിപാടി രാഷ്ട്രീയവത്ക്കരിക്കുന്നതില്‍ പ്രതിഷേധിച്ച് പരിപാടിയുമായി യാതൊരു വിധത്തിലും സഹകരിക്കേണ്ടതില്ലെന്ന് പഞ്ചായത്ത് യുഡിഎഫ് യോഗം തീരുമാനിച്ചു.

## Article Content

**അരിക്കുളം**: അരിക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദൃശ്യം പരിപാടി രാഷ്ട്രീയവത്ക്കരിക്കുന്നതില്‍ പ്രതിഷേധിച്ച് പരിപാടിയുമായി യാതൊരു വിധത്തിലും സഹകരിക്കേണ്ടതില്ലെന്ന് പഞ്ചായത്ത് യുഡിഎഫ് യോഗം തീരുമാനിച്ചു.

കഴിഞ്ഞ രണ്ട് തവണ സംഘടിപ്പിച്ച പരിപാടിയുടേയും കണക്ക് സംഘാടക സമിതി വിളിച്ചു കൂട്ടി അവതരിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ ഒരു വിഷയത്തില്‍ ഭരണമുന്നണിയിലെ ഘടകകക്ഷി പ്രവര്‍ത്തകര്‍ക്കിടയില്‍ത്തന്നെ മുറുമുറുപ്പുണ്ടെന്നും ആകെയുള്ള 17 സബ്ബ് കമ്മറ്റികളില്‍ 14 സബ്ബ് കമ്മറ്റി ഭാരവാഹി സ്ഥാനങ്ങളും സി.പി.എം തന്നെ കൈയ്യടക്കി വെച്ചിരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

കണക്കവതരണം നടന്നില്ലെങ്കില്‍ ചോദ്യം ചെയ്യപ്പെടും എന്ന ഭയം മൂലമാണ് പ്രധാനമായും ട്രഷറര്‍, സാമ്പത്തിക കമ്മറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വിട്ടുകൊടുക്കാന്‍ സി.പി.എം മടിക്കുന്നത് എന്നും യുഡിഎഫ് ആരോപിക്കുന്നുണ്ട്. വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഫണ്ട് സ്വരൂപിക്കാനുള്ള സിപിഎം ന്റെ ഗൂഢ പദ്ധതിയാണ് ദൃശ്യം പരിപാടിയെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടും ഭരണ പരാജയവും മറച്ചുവെക്കാനുള്ള ചെപ്പടിവിദ്യയാണ് ദൃശ്യം പരിപാടിയെന്നും ലഹരി മാഫിയയ്‌ക്കെതിരെ രാഷ്ട്രീയം മറന്ന് കൈകോര്‍ത്ത് മുന്നേറേണ്ടതായ സമയത്ത് വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമം അപലനീയമാണെന്ന് യു.ഡി.എഫ്. പറയുന്നു. വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ച പാത പിന്‍തുടരാതെ ധൂര്‍ത്തിന്റെ പര്യായമായിരിക്കുകയാണ് അരിക്കുളം പഞ്ചായത്ത് ഭരണ സമിതി എന്നും യു.ഡി.എഫ്. നേതാക്കള്‍ കുറ്റപ്പെടുത്തി.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് നേതൃ യോഗത്തില്‍ ചെയര്‍മാന്‍ സി. രാമദാസ് അധ്യക്ഷ്യത വഹിച്ചു. എന്‍.കെ. ഉണ്ണിക്കൃഷ്ണന്‍, ശശി ഊട്ടേരി, വി.വി.എം. ബഷീര്‍, കെ. അഷറഫ്, ലതേഷ് പുതിയേടത്ത്, രാമചന്ദ്രന്‍ നീലാംബരി, അമ്മത് പൊയിലിങ്ങല്‍, എം.ടി. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/280525/visual-udf-decides-to-boycott-at-arikkulam)