പേരാമ്പ്ര: എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രം പാട്ട് ഉത്സവം ഏപ്രില്‍ 3 മുതല്‍ 9 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ബാണത്തൂരില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി പുതുമന ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

ദിവസവും നടക്കുന്ന ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ ഏപ്രില്‍ 3 ന് രാവിലെ കൊടിയേറ്റം, അന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് മരാമത്ത് വികസനം ചെയര്‍മാന്‍ പി.കെ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സോണി ടി.വി. സൂപ്പര്‍സ്റ്റാര്‍ സിംഗര്‍ ഫസ്റ്റ് റണ്ണറപ്പ്, ഫ്‌ളവേഴ്സ് ടി.വി. ടോപ്പ് സിംഗര്‍ സീസണ്‍ 2 ഫൈനലിസ്റ്റ് ദേവനശ്രിയ, ഫ്‌ളവേഴ്സ് ടി.വി. ടോപ്പ് സിംഗര്‍, അമൃത ടി.വി. ഫെയിം പാര്‍വ്വണ അഭിലാഷ്, ഫ്‌ളവേഴ്സ് ടി.വി. ടോപ്പ് സിംഗര്‍ ആര്‍ജിത രതീഷ് എന്നിവരെ ആദരിക്കും.
രാത്രി 8 മണിക്ക് വിനീഷ് വിദ്യാധരന്‍ അവതരിപ്പിക്കുന്ന ആധ്യാത്മിക പ്രഭാഷണവും രാത്രി 9 മണിക്ക് പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും അരങ്ങേറും.
ഏപ്രില്‍ 4 ന് രംഗീഷ് കടവത്തിന്റെ 'അരുത് ഹിംസ, അരുത് ലഹരി' പ്രഭാഷണം, കലാമണ്ഡലം ഷീന പ്രദീപ് & പാര്‍ട്ടി അവതരിപ്പിക്കുന്ന നടനരാവ്, സി.എം. റോക്‌സ്, പേരാമ്പ്ര അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ്, ഫ്‌ളവേഴ്സ് ടി.വി. ഫെയിം, ടീം റോ അവതരിപ്പിക്കുന്ന ഏരിയല്‍ ഡാന്‍സ് എന്നിവയും അരങ്ങേറും.
ഏപ്രില്‍ 5 ന് പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ അരങ്ങേറും. ഏപ്രില്‍ 6 ന് കുടുംബജീവിതത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ നിഷാറാണി (ശിവാനന്ദ ഇന്റ്‌റര്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് യോഗ) ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. രാത്രി 8.30 ന് ജിഎച്ച് എസ്എസ് കോക്കല്ലൂര്‍ അവതരിപ്പിക്കുന്ന ഏറ്റം ലഘു നാടകവും 9 മണിക്ക് ഹാര്‍ട്ട് മ്യൂസിക്ക് കാലിക്കറ്റ് അവതരിപ്പിക്കുന്ന വാമൊഴിപ്പാട്ട് അരങ്ങേറും.
ഏപ്രില്‍ 7 ന് രാത്രി 7 മണിക്ക് തായമ്പക, 8 മണിക്ക് നാടകം ദാസ് അക്കാദമിയുടെ ഏകപാത്ര നാടകം ജീവിതം ഡോട് കോം, 9 മണിക്ക് ജാനു തമാശകള്‍ സ്‌റ്റേജ് ഷോയും ഉണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി പി.കെ ബാലന്‍ നായര്‍, ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ പി.കെ. സുരേന്ദ്രന്‍, ആഘോഷ കമ്മിറ്റി പ്രസിഡന്റ് ജി.കെ. കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി ശ്രീധരന്‍ കോമത്ത്, ട്രസ്റ്റി അംഗം എം.കെ നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.
Eravattur Palliyara Bhagavathy Temple Song Festival