പേരാമ്പ്ര: പേരാമ്പ്രയില്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. ഇന്ന് ഉച്ചക്ക് 2 മണിയോടെ കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുകയായിരുന്ന സേഫ്റ്റി ബസ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്ത് വെച്ച് ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടത്തിലാണ് വിദ്യാര്‍ത്ഥി മരിച്ചത്.

മുളിയങ്ങല്‍ ചെക്യലത്ത് റസാക്കിന്റെ മകന്‍ ഷാദില്‍ (19) ആണ് മരിച്ചത്. ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് പ്രതിഷേധവുമായി വന്നത്. കോഴിക്കോട് കുറ്റ്യാടി റോഡില്‍ ഓടുന്ന ബസുകളെല്ലാം പേരാമ്പ്ര ബസ്സ് സ്റ്റാന്റില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടയുകയാണ്. ഡ്രൈവറെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കോഴിക്കോട് കുറ്റ്യാടി റോഡില്‍ ബസ്സ് ഓടാന്‍ അനുവദിക്കിലെന്നും അവര്‍ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് ഷാദിലിന്റെ സഹപാഠികളും നാട്ടുകാരും ചേർന്ന് പേരാമ്പ്ര ടൗണിലും മുളിയങ്ങലിലും വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിച്ചു. കൂടാതെ ബൈപ്പാസ് വഴി പോകാന്‍ ശ്രമിച്ച സ്വകാര്യ ബസുകള്‍ തടഞ്ഞ് ബസ്സിലെ ആളുകളെ ഇറക്കിവിടുകയും ചെയ്തു.
പലതവണയായി പേരാമ്പ്രയില്‍ ബസ് അപകടത്തില്‍ ജീവന്‍പൊലിയുന്നത്. ജനങ്ങളുടെ ജീവന് വിലകല്പിക്കാത്ത തരത്തിലാണ് ബസുകളുടെ മത്സരയോട്ടമെന്നും ബസുകളുടെ അമിത വേഗത നിയന്ത്രിക്കാത്ത പക്ഷം ഇനിയും അപകടങ്ങള്‍ ഉണ്ടാകുമെന്നും അതിനാല്‍ ശക്തമായ നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു.
Student dies after being hit by bus in Perambra; people protest