അരിക്കുളം: കാരയാട് കാളിയത്ത് മുക്ക് നല്ലശ്ശേരിക്കുനി സരോജിനിക്കും രോഗിയായ ഭര്‍ത്താവ് സാജനും സുരക്ഷിതമായി കിടന്നുറങ്ങാന്‍ വീടൊരുക്കി കാരയാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്റര്‍.

ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയ തകര്‍ന്നു വീഴാറായ കൂരയിലാണ് ഇവര്‍ താമസിച്ചിരുന്നത്. മഴ വരുമ്പോള്‍ കുതിച്ചെത്തുന്ന വയല്‍ വെള്ളത്തില്‍ പാമ്പുകള്‍ ഇഴഞ്ഞെത്തിയും ഉറക്കം വരാതെ കസേരയില്‍ കയറി നിന്ന് നേരം വെളുപ്പിക്കുന്ന അവസ്ഥയിലുമായിരുന്നവര്‍ കഴിഞ്ഞിരുന്നത്.ഭക്ഷണം പാകംചെയ്യാന്‍ പോലും ഇടമില്ലാതെ പരിസരമാകെ വെള്ളക്കെട്ടും ചെളിയും നിറഞ്ഞ് നില്‍ക്കുന്ന അവസ്ഥയായിരുന്നു. ഒടുവില്‍ ദുരിതം ശീലമാക്കിയ കുടുംബത്തിന്റെ സ്വപ്നം സഫലമായി.
ഈ വീട് ഇനിയിവര്‍ക്ക് സ്വര്‍ഗമാണ്. മഴ വരുമ്പോള്‍ കുടുംബത്തിന് ആധിയില്ല. ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയ തകര്‍ന്നു വീഴാറായ കൂരയില്‍ താമസിച്ചിരുന്ന ഇവര്‍ക്ക് സ്‌നേഹവീടായ ഒസി ഭവനം നിര്‍മിച്ച് നല്‍കിയത് കാരയാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്ററാണ്. മൂന്നാഴ്ചയ്ക്കുള്ളിലാണ് പ്രദേശത്തെ യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമത്തിലൂടെയും നാട്ടിലെയും വിദേശത്തെയും മനുഷ്യ സ്‌നേഹികളുടെ സഹായത്തോടെയും വീടൊരുക്കിയത്.
അരിക്കുളത്തെ കോണ്‍ഗ്രസ് സേവാദള്‍ പ്രവര്‍ത്തകയായിരുന്ന സരോജിനി വര്‍ഷങ്ങളായി വീടില്ലാതെ ദുരിത ജീവിതം തള്ളിനീക്കുകയായിരുന്നു. നിത്യ രോഗി ആയതിനാല്‍ ഭര്‍ത്താവ് സാജന് ജോലിക്കൊന്നും പോകാന്‍ കഴിയില്ല. സരോജിനി മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. വീട്ടു ജോലിക്കു പോയാണ് സരോജിനി നിത്യവൃത്തിക്കുള്ള പണം കണ്ടെത്തുന്നത്. രോഗിയായ ഭര്‍ത്താവിന് മരുന്നു വാങ്ങാനും ഏറെ ബുദ്ധിമുട്ടുകയാണ്.
വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാതെ പ്രയാസപ്പെടുമ്പോഴാണ് ഷാഫി പറമ്പില്‍ എംപി നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ മഴക്കാലത്ത് ഹനുമാന്‍ കുനി എസ്‌സി കോളനിയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ എം പി സ്ഥലം സന്ദര്‍ശിച്ചിരുന്നു. കോളനിയുടെ സമീപത്ത് താമസിക്കുന്ന സരോജിനിയുടെ വെള്ളം കയറി തകര്‍ന്നടിഞ്ഞ കൂര ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യു ഡി എഫ് പ്രവര്‍ത്തകരോട് കുടംബത്തിന് വീട് നിര്‍മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒസി ചാരിറ്റബിള്‍ സെന്റര്‍ ഈ ദൗത്യം ഏറ്റെടുക്കകയും ചെയ്തു.
പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഈ കുടുംബത്തിന് നിരന്തരമായി അരിക്കുളം പഞ്ചായത്ത് ഭരണസമിതി ആനുകൂല്യം നിഷേധിക്കുകയായിരുന്നുവെന്ന ആരോപണമുണ്ട്. വീട് നിര്‍മിക്കാനുള്ള ധനസഹായത്തിന് പലതവണ അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞു നിരസിക്കുകയായിരുന്നുവെന്നും വെള്ളപ്പൊക്കത്തില്‍ ലഭിക്കേണ്ട ന്യായമായ നഷ്ട പരിഹാരം പോലും നിഷേധിക്കപ്പെട്ടുവെന്നും സരോജിനി പറയുന്നു.
ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്റര്‍ പ്രവര്‍ത്തകരായ ശിവന്‍ ഇലവന്തിക്കര, ഹാഷിം കാവില്‍, മനോജ് എളമ്പിലാട്ട്, റഷീദ് പറുകുന്നത്ത്, ലതേഷ് പുതിയേടത്ത്, പി.കെ റാഷിദ്, അമ്മദ് നാറാത്ത്, യു.എം ഷിബു, ആനന്ത് കിഷോര്‍ കീഴല്‍, ബീരാന്‍ കുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഷാഫി പറമ്പില്‍ എം പി വീടിന്റെ താക്കോല്‍ കൈമാറും.
Oommen Chandy Charitable Center becomes a loving home for Rojini and her family