പേരാമ്പ്ര : നൊച്ചാട് ഗ്രാമ പഞ്ചായത്തിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നൊച്ചാട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ ഫെസ്റ്റിന്റെ ഭാഗമായി കാരണവര്‍ സംഗമം സംഘടിപ്പിച്ചു.

ഉദ്ഘാടനത്തിന് അതിഥിയായി എത്തിയ മഴ പരിപാടിക്ക് തടസമായപ്പോള്‍ മഴയെ പാടിയോടിച്ച് നാടന്‍ പാട്ട് കലാകാരന്‍ മജീഷ് കാരയാട്. വെള്ളിയൂരില്‍ നടന്ന കാരണവര്‍ സംഗമം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊടുന്നനെ മഴ എത്തിയത്.
മഴ പെയ്തതോടെ തുണി പന്തലില്‍ നിന്നും വെള്ളം സദസിലേക്ക് തുള്ളികളായി ഒഴുകാന്‍ തുടങ്ങിയതോടെ സദസിലുള്ളവര്‍ കുടകള്‍ നിവര്‍ത്തി ചൂടാന്‍ തുടങ്ങി. ഈ സമയം തന്റെ ഉദ്ഘാടന പ്രസംഗം പെട്ടന്ന് അവസാനിപ്പിച്ചു. അല്പ സമയം പരിപാടി തടസപെട്ടപ്പോള്‍ അധ്യക്ഷയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ശാരദ വേദിയിലുണ്ടായിരുന്ന മജീഷ് കാരയാട് പരിപാടി തുടങ്ങുന്നതിന് മുമ്പ് പാട്ട് പാടിയത് കൊണ്ടാണ് മഴ പെയ്തതെന്നും മറ്റൊരു പാട്ടുപാടി മഴയെ നിര്‍ത്തുമെന്നും പറഞ്ഞു.
മൈക്ക് കൈയ്യിലെടുത്ത മജീഷ് പാട്ടു തുടങ്ങി. ആ..... ആ..... ഒ..... ഓ.... കൈതോല പായ വിരിച്ച് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചു. സദസിലുള്ളവര്‍ താളം പിടിച്ച് കൂടെ പാടി. പാട്ടു തീരുമ്പോഴേക്കും മഴ മാറി മാനം തെളിഞ്ഞു. എല്ലാവരും ഇരിപ്പിടങ്ങളിലേക്ക്. തുടര്‍ന്ന് കാരണവര്‍ സംഗമത്തിന്റെ ഉദ്ഘാടകയായ ഷീജ ശശി വയോധികരെ ഉപഹാരം നല്‍കി ആദരിച്ചു.
ഗ്രാമ പഞ്ചായത്തിലെ 80 കഴിഞ്ഞ 500 ല്‍ പരം വയോധികരെ ആദരിക്കുന്നതായിരുന്നു ചടങ്ങ്. നൂറില്‍ പരം വയോധികര്‍ സദസ്സില്‍ സന്നിഹിതരായിരുന്നു. എഴുത്തുകാരനും ചിത്രകാരനുമായ സോമന്‍ കടലൂര്‍ മുഖ്യപ്രഭാഷണം നടത്തി.
നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുഞ്ഞിക്കണ്ണന്‍, ക്ഷേമകാര്യ ചെയര്‍ പേഴ്‌സണ്‍ ബിന്ദു അമ്പാളി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാ ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. രാജീവ് എസ് സ്വാഗതവും, ഷിജി കൊട്ടാരക്കല്‍ നന്ദിയും പറഞ്ഞു.
The gathering of the founders, singing the rain at perambra