കടിയങ്ങാട് : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഫെസ്റ്റ് ദൃശ്യം 25 ന് ഇന്ന് അരങ്ങുണരും. ഇന്ന് മുതല്‍ മെയ് 21 വരെ ചങ്ങരോത്തിന്റെ മണ്ണ് ചടുലതാളങ്ങള്‍ക്ക് സാംസ്‌കാരിക ദൃശ്യ വിസ്മയങ്ങള്‍ക്കും സാക്ഷിയാവും. ജനകീയ കൂട്ടായ്മയില്‍ കടിയങ്ങാട് പാലത്തിന് സമീപം ഒരുക്കിയ വേദിയിലാണ് പരിപാടികള്‍ അരങ്ങേറുക.

പ്രാദേശിക വികസന രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ച ഗ്രാമോത്സവം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. കുറ്റ്യാടി പുഴയും അതിന്റെ നാനാ കൈവഴികളും കൊണ്ട് ചുറ്റപ്പെട്ട നിത്യ ഹരിത മലയോരമാണ് ചങ്ങരോത്ത്. മരുതോങ്കര ജാനകിക്കാട് ഇക്കോ ടൂറിസം മേഖലയും ഈ പ്രദേശത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.
മലബാറിലെ ആദ്യ കുടിയേറ്റ കേന്ദ്രം എന്ന നിലയ്ക്കുള്ള ക്രിസ്തീയ ആരാധനാലയങ്ങള്‍, പാലേരി അമ്മദ് മുസ്ല്യാര്‍ മക്ബറ ഉള്‍പ്പെടെയുള്ള ഇസ്ലാമിക പുണ്യസ്ഥലങ്ങള്‍, പുരാതന കാലം മുതല്‍ കീര്‍ത്തി കേട്ട കൂനിയോട്- ശങ്കരപുരം ക്ഷേത്രങ്ങള്‍ എന്നിവ ഘടകങ്ങളാണ്.
നാട്ടിന്‍ പുറത്തെ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമാക്കുന്ന എല്ലാവരെയും കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള സാംസ്‌കാരിക കൂട്ടായ്മയും ടൂറിസം സാധ്യതകളും ലക്ഷ്യമാക്കി ബഹുവിധ പരിപാടികളോടെയാണ് ചങ്ങരോത്ത് ഫെസ്റ്റ് നടക്കുക. പ്രായ ഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാവുന്ന നാടന്‍ കലാമേള എന്ന സവിശേഷത കൂടി 'ദൃശ്യം 2025' ന് ഉണ്ട്.
വിവിധ വിഷയങ്ങളില്‍ സാംസ്‌കാരിക ഘോഷയാത്ര, കാലിക പ്രസക്തിയുള്ള സംവാദങ്ങള്‍, തുറന്ന ചര്‍ച്ചാ വേദികള്‍, ചിത്ര പ്രദര്‍ശനം- പുസ്തകമേള, ദേശീയ തലത്തില്‍ വരെ പ്രശസ്തരായ പ്രതിഭകള്‍ അണിനിരക്കുന്ന കലാവിരുന്നുകള്‍, അത്യപൂര്‍വ്വ നാടോടി കലാരൂപങ്ങള്‍ എന്നിവ ഫെസ്റ്റില്‍ അരങ്ങേറുന്നുണ്ട്. വിപണന മേള, ഭക്ഷ്യ മേള, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയും സംഘടിപ്പിക്കപ്പെടുന്നുണ്ട്.
ഇന്ന് വൈകിട്ട് 6 മണിക്ക് വനിതാ കലാമേള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാത്രി 8 മണിക്ക് കോഴിക്കോട് സങ്കീര്‍ത്തന അവതരിപ്പിക്കുന്ന പ്രദീപ് കുമാര്‍ കാവുന്തറ രചനയും രാജീവന്‍ മമ്മിളി സംവിധാനവും നിര്‍വ്വഹിക്കുന്ന നാടകം പറന്നുയരാനൊരു ചിറക് അരങ്ങേറും.
Changaroth now has days and nights of art