പേരാമ്പ്ര: നൊച്ചാട് ജനകീയ ഫെസ്റ്റിന്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക ഘോഷയാത്ര വെള്ളിയൂര്‍ എയുപി സ്‌കൂളിനടുത്ത് നിന്നും ആരംഭിച്ച് ഫെസ്റ്റ് നഗരിയില്‍ സമാപിച്ചു.

മാരിവില്ലിന്റ മനോഹാരിതയോടെ നടന്ന ഘോഷയാത്രയില്‍ 17 വാര്‍ഡുകള്‍ തമ്മില്‍ മാറ്റുരച്ചു. ഘോഷയാത്രയില്‍ പരമ്പരാഗത കലാരൂപങ്ങള്‍ ഫ്യൂഷന്‍, മറ്റു പ്രദര്‍ശനങ്ങള്‍ എന്നിവ ഉണ്ടായിരുന്നു.
ജലം ജീവാമൃതം എന്ന പേരില്‍ വ്യതസ്ഥ തയാര്‍ന്ന ആശയം അവതരിപ്പിച്ച വാര്‍ഡ് 5 നാണ് ഒന്നാം സമ്മാനം ലഭിച്ചത്. വേഴാമ്പല്‍ പക്ഷിയും, ദാഹജലത്തിനായി ശ്രമിക്കുന്ന മനുഷ്യനും കാണികളുടെ പ്രശംസ ഏറ്റുവാങ്ങി.
പ്രശസ്ത ശില്പിയും ചിത്രകാരനുമായ രജ്ഞിത്ത് പട്ടാണിപ്പാറയുടെ നേതൃത്വത്തില്‍ ചിത്രകാരന്മാരായ ആര്‍ബി പേരാമ്പ്ര, സുരേഷ് കല്ലോത്ത്, ശശി ഗായത്രി എന്നിവര്‍ ചേര്‍ന്നാണ് ഈ നിശ്ചല ദൃശ്യത്തിന് ജീവന്‍ നല്‍കിയത്.
ഘോഷയാത്രക്ക് ശേഷം വേദിയില്‍ കളരി പയറ്റും, എഴുത്തിന്റെ പെരുന്തച്ചനും, ഗാനമേളയും അരങ്ങേറിയതോടെ എഴുദിവസം നീണ്ടു നിന്ന നൊച്ചാട് ഫെസ്റ്റിന്റെ തിരശ്ശീല താഴ്ത്തി.
Nochad Fest; Cultural procession a beautiful sight