കൂത്താളി : കൂത്താളി ഈരാഞ്ഞിമ്മല്‍ അംഗനവാടിയില്‍ 41 വര്‍ഷം സേവനമനുഷ്ടിച്ച വി.പി ശാന്തകുമാരിക്ക് കൂത്താളി പൗരാവലിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഒരു അംഗനവാടി വര്‍ക്കര്‍ക്ക് ഒരു നാട് ഇങ്ങനെ യാത്രയയപ്പ് നല്‍കിയ മറ്റൊരു ചടങ്ങ് എവിടെയും ഉണ്ടാവാനിടയില്ല.

നാട്ടുകാര്‍ തങ്ങളുടെ സ്‌നേഹവായ്പ് ആവോളം പകര്‍ന്ന് നല്‍കുകയായിരുന്നു. മൂന്നു തലമുറക്ക് അറിവിന്റെ ആദ്യ പാഠങ്ങള്‍ പകര്‍ന്ന അധ്യാപികയുടെ യാത്രയയപ്പ് ചടങ്ങിന് സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ഒരു നാട് ഒന്നായി ഒഴുകി എത്തി.
ഈരാഞ്ഞിമ്മല്‍ അംഗനവാടിയില്‍ നിന്ന് വാദ്യഘോഷങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ ഘോഷയാത്രയായി കൂത്താളി അങ്ങാടിയിലൂടെ ആനയിച്ചാണ് ശാന്തകുമാരി ടീച്ചറെ യാത്രയയപ്പ് വേദിയില്‍ എത്തിച്ചത്.
യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു നിര്‍വ്വഹിച്ചു.
വിനോയ് ശ്രീവിലാസ് അധ്യക്ഷത വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു ഉപഹാര സമര്‍പ്പണം നടത്തി.
ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നീതു വര്‍ഗീസ്, ഇ. അഹമ്മദ്, സുനില്‍ മുണ്ടോട്ടില്‍, ടി.വി. മാധവി അമ്മ, പി.ടി. കുമാരന്‍, സി. പ്രേമന്‍, എ.കെ. ചന്ദ്രന്‍, വി.കെ. ബാബു, കെ.എം. രാജേഷ്, വി.കെ. അഫ്‌സത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
അംഗന്‍വാടി ടീച്ചര്‍ എന്നനിലയില്‍ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച ടീച്ചര്‍ക്ക് വിവിധ സംഘടനകളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉപഹാരങ്ങള്‍ നല്‍കി.
കെ.എന്‍. ബിനോയ്കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.പി. ഗോപിനാഥന്‍ നന്ദിയും പറഞ്ഞു. യാത്രയയപ്പ് ചടങ്ങിന് മാറ്റു കൂട്ടാന്‍ ഒരു ഉത്സവത്തെ വെല്ലുന്ന കരിമരുന്ന് പ്രയോഗവും ആകാശ കാഴ്ചകളും ഒരുക്കിയിരുന്നു.
VP Shantha was given a farewell by the leadership of Koothali People's Association at koothali