പേരാമ്പ്ര : വിവാഹം നടന്ന വീട്ടിൽ മോഷണം. വിവാഹത്തിന് പാരിതോഷികമായി ലഭിച്ച പണം സൂക്ഷിച്ച പെട്ടിയുമായാണ് മോഷ്ടാവ് കടന്നത്.

പേരാമ്പ്രക്കടുത്ത് പൈതോത്ത് കോറോത്ത് സദാനന്ദൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച സദാനന്ദൻ്റെ മകൾ ശ്രീ ലക്ഷ്മിയുടെ വിവാഹമായിരുന്നു.
വിവാഹത്തിനെത്തുന്നവർ പാരിതോഷികമായി പണം നൽകുന്നത് പ്രത്യേകം സജ്ജമാക്കിയ പെട്ടിയിൽ നിക്ഷേപിക്കുകയാണ് ചെയ്യുക. സാധാരണ ഇങ്ങനെ പാരിതോഷികമായി വൻ തുക ലഭിക്കാറുണ്ട്.
ഈ പെട്ടി പണത്തോടെ വിവാഹ ശേഷം വീട്ടിനകത്ത് മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വീട്ടുകാർ ഉറങ്ങുന്ന സമയത്ത് വീടിൻ്റെ പിൻവശത്തെ ഇരുമ്പ് ഗ്രില്ലിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് പണമടങ്ങിയ പെട്ടിയുമെടുത്ത് പുറത്ത് കടക്കുകയായിരുന്നു.
പെട്ടി വീടിനോട് ചേർന്ന പന്തലിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പണമടങ്ങിയ കവറുകളുമായി കടന്ന് കളയുകയായിരുന്നു. ഇന്ന് കാലത്ത് പന്തൽ പൊളിക്കാനായി എത്തിയ തൊഴിലാളിക ളാണ് പെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഇതോടെയാണ് പെട്ടി നഷ്ടപ്പെട്ട വിവരം വീട്ടുകാരും അറിയുന്നത്. പെട്ടിയുടെ പൂട്ട് തകർത്ത നിലയിലാണ്. പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പേരാമ്പ്രയിൽ നിന്ന് ഡോഗ് സ്ക്വാഡും വടകരയിൽ നിന്ന് വിരളടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
പേരാമ്പ്ര ഡി വൈ എസ് പി വി. വി ലതീഷിൻ്റെ നേതൃ ത്വത്തിൽ അന്വഷണം ആരംഭിച്ചു.
Theft at the wedding venue at perambra