പേരാമ്പ്ര : സാഹോദര്യ കേരള പദയാത്രക്ക് മെയ് 22 പേരാമ്പ്രയില്‍ സ്വീകരണം നല്‍കുമെന്ന് പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന കേരള പദയാത്ര ഏപ്രില്‍ 19 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചിരിക്കുന്നു.
നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന 'സാഹോദര്യ കേരള പദയാത്ര' മേയ് 22 ന് വ്യാഴാഴ്ച 3 മണിക്ക് പേരാമ്പ്ര മണ്ഡലത്തില്‍ സ്വീകരണം നല്‍കും. ഓരോ നിയോജക മണ്ഡലത്തിലും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ജാഥ സംഘടിപ്പിക്കുന്നത്.
പേരാമ്പ്ര മണ്ഡലത്തില്‍ സംസ്ഥാന പ്രസിഡന്റ റസാഖ് പാലേരിയുടെ ജന്മ നാടായ പാലേരിയിലാണ് സ്വീകരണം ഒരുക്കുന്നത്. കടിയങ്ങാട് നിന്ന് വാദ്യ മേളങ്ങളുടെയും, കലാ ആവിഷ്‌കാരങ്ങളുടെയും അകമ്പടിയോടെ ആരംഭിക്കുന്ന പദയാത്ര പാലേരിയില്‍ സമാപിക്കും. യാത്രയുടെ ഭാഗമായി വിവിധ സാമൂഹിക ജനവിഭാഗങ്ങള്‍, സാമൂഹ്യ രാഷ്ടീയ പ്രവര്‍ത്തകര്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകള്‍ നടത്തും.
പാര്‍ട്ടി സംസ്ഥാന കലാവേദിയുടെ തെരുവുനാടകം 'വിക്രമനും മുത്തുവും ഒരു താത്വിക അവലോകനം' പദയാത്രയുടെ ഭാഗമായി അരങ്ങേറും.
സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ സാമൂഹിക പ്രസക്തമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ അനുബന്ധമായി പഞ്ചായത്ത് തലങ്ങളില്‍ യാത്രകള്‍ സംഘടിപ്പിച്ചുവരുന്നു. തിരുവനന്തപുരത്ത് നിന്ന് പ്രയാണം ആരംഭിച്ച പദയാത്ര സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തി മെയ് 31 ന് കോഴിക്കോട് പൊതുസമ്മേളനത്തോടെ സമാപിക്കും.
സംസ്ഥാന പദയാത്രയുടെ മുന്നോടിയായി വിവിധ മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ നേതൃത്വം നല്‍കുന്ന പ്രാദേശിക പദയാത്രകള്‍ ശ്രദ്ധേയമായി രീതിയില്‍ പൂര്‍ത്തിയാക്കി.
വാര്‍ത്ത സമ്മേളനത്തില്‍ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് എം.ടി. അഷ്റഫ്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വി.എം. നൗഫല്‍, പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ് വി.പി. അസീസ്, പേരാമ്പ്ര മണ്ഡലം സെക്രട്ടറി റൈഹാനത് അരിക്കുളം, സി.പി റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
Reception for the Sahodarya Kerala Padayatra on May 22 in Perambra