പേരാമ്പ്ര : മെഡിക്കല്‍ കോളജിന്റെ അനാസ്ഥ, വീട്ടില്‍ എത്തിച്ച മൃതദേഹം തിരിച്ചു കൊണ്ടുപോയി പൊലീസ്. വിഷം ഉള്ളില്‍ ചെന്ന് മരിച്ച മരുതേരി പരപ്പൂര്‍ മീത്തല്‍ ദാസന്‍ (66) ന്റെ മൃതദേഹമാണ് ഇന്നലെ ചടങ്ങുകള്‍ക്ക് വേണ്ടി കുളിപ്പിച്ച് കിടത്തിയ സ്ഥലത്തു നിന്നും പൊലീസ് കൊണ്ടുപോയത്.

കഴിഞ്ഞ 15 നായിരുന്നു ദാസന്‍ വിഷം ഉള്ളില്‍ ചെന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിയത്. 4 ദിവസം അവിടെ ചികിത്സയില്‍ കഴിഞ്ഞ ദാസന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് 19 ന് മെഡിക്കല്‍ കോളെജിലേക്ക് അയയ്ക്കുകയായിരുന്നു.
മെഡിക്കല്‍ കോളെജില്‍ എത്തിയ ദാസന്‍ 19 ന് രാത്രി ഒരു മണിയോടെ മരിച്ചു. എന്നാല്‍ അന്തര നടപടികള്‍ ഒന്നും ചെയ്യാതെ ദാസന്റെ മൃതദേഹം മെഡിക്കല്‍ കോളജ് അധികാരികള്‍ പുലര്‍ച്ചെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുകയായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ച് ബന്ധുക്കള്‍ സംസ്‌കാരം ചടങ്ങുകള്‍ നടത്താന്‍ നോക്കുന്ന സമയത്താണ് മെഡിക്കല്‍ കോളജ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടറെ വിളിച്ച് ദാസന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചത്.
ഉടന്‍ പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ എത്തി മൃതദേഹം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുകയായിരുന്നു. മൃതദേഹം ഉടന്‍ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ച് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.
ദാസന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഭാര്യ ലീല. മക്കള്‍ ലിതാസ് (ബഹറൈന്‍), ദാസില (കോ- ഓപ്പറേറ്റീവ് നീതി ലാബ്). മരുമക്കള്‍ അഞ്ജന ഉദയന്‍ (പാലേരി). സഹോദരങ്ങള്‍ വിജയന്‍, പരേതനായ ഗോപി.
Medical college negligence; Police take back body brought home