പേരാമ്പ്ര : കോഴിക്കോട് ജില്ലയിലെ നെല്ലറയായ 1500 അധികം ഏക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ആവള പാണ്ടിയില്‍ നെല്‍കൃഷി ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി കര്‍ഷകമോര്‍ച്ച അഖിലേന്ത്യ വൈസ് പ്രസിഡണ്ട് അഡ്വ: എസ് ജയസൂര്യന്‍ ആവശ്യപ്പെട്ടു.
ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെയും സംസ്ഥാന സര്‍ക്കാറിന്റെയും പിടിപ്പുകേടുകൊണ്ടാണ് പാടശേഖരം തരിശായി കിടക്കുന്നത് എന്നാണ് കര്‍ഷകരും പാടശേഖര സമിതി ഭാരവാഹികളും പരാതിപ്പെടുന്നത്. അനവസരത്തില്‍ പാടശേഖരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ് കൃഷിയിറക്കാനുള്ള തടസ്സമെന്നും അത് പരിഹരിക്കാന്‍ നിരവധി കേന്ദ്ര സംസ്ഥാന പദ്ധതികള്‍ ഉണ്ടായിട്ടും ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.

ശാസ്ത്രീയമായ പഠനം നടത്തി യന്ത്രവല്‍കൃത കൃഷി രീതിയിലേക്ക് പാടശേഖരത്തെ കൊണ്ടുവന്നാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ലാഭകരമായ കൃഷി ഇറക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍ സ്ട്രക്ചര്‍ ഫണ്ട് മുഖേന നടപ്പിലാക്കിയ 2436 കോടി രൂപയുടെ ഫണ്ട് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ലാപ്‌സാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കൃഷിയും ടൂറിസവും സംയോജിപ്പിച്ച പ്രോജക്ടാണ് ആവളയില്‍ നടപ്പിലാക്കേണ്ടത് - തരിശായിക്കിടക്കുന്ന ആവളപ്പാണ്ടി പാടശേഖരം കര്‍ഷകര്‍ക്കും ബിജെപി നേതാക്കള്‍ക്കുമൊപ്പം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ല സെക്രട്ടറി കെ.കെ രജിഷ്, ഡി.കെ മനു, എം പ്രകാശന്‍, ടി.എം ഹരിദാസ്, കെ.പി സുനി, കെ.പി ബാബു, എ.കെ രാമചന്ദ്രന്‍ തുടങ്ങിയവര്‍ അദ്ദഹത്തിനൊപ്പം ഉണ്ടായിരുന്നു.
The government should take immediate action to protect the avala Pandi; Adv: S Jayasuryan