പേരാമ്പ്ര: നൊച്ചാട് ഫെസ്റ്റ് സാംസ്‌കാരികോത്സവം വിജയകരമായി സമാപിച്ചതിന് ശേഷമുള്ള വരവ്-ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും, സംഘാടക സമിതിയെ പിരിച്ചുവിടുകയും ചെയ്ത സംയുക്ത യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍. ശാരദ അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ വി.എം. മനോജ് ഫെസ്റ്റിന്റെ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിനാന്‍സ് കമ്മിറ്റിയുടെ കണ്‍വീനര്‍ കെ.ടി. ബാലകൃഷ്ണന്‍ വരവും ചിലവുമുള്‍പ്പെടെയുള്ള കണക്കുകള്‍ അവതരിപ്പിച്ചു. എസ്.കെ. അസ്സയിനാര്‍, പി.എം. പ്രകാശന്‍, വത്സന്‍ എടക്കോടന്‍, സജീവന്‍ കൊയിലോത്ത് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.
നൊച്ചാടിന്റെ പ്രഥമ സാംസ്‌കാരികോത്സവം ചരിത്രവിജയമായെന്ന് യോഗം വിലയിരുത്തി. ഐക്യവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്ന സന്ദേശം നല്‍കുന്നതായും, നൊച്ചാടിന്റെ വളര്‍ച്ചയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും, ഭാവിയില്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡണ്ട് പി.എം. കുഞ്ഞിക്കണ്ണന്‍ സ്വാഗതവും എടവന സുരേന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി. പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍, ജീവനക്കാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഫെസ്റ്റിന്റെ ഭാഗമായി നടന്ന സമ്മാനകൂപ്പണ്‍ നറുക്കെടുപ്പില്‍ മൂന്ന് പേര്‍ വിജയികളായി. ജൂണ്‍ ആദ്യവാരം നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് പേര്‍ പ്രതിദിനം പങ്കെടുത്ത നൊച്ചാട് ഫെസ്റ്റ്, ജനപങ്കാളിത്തത്തിലും പരിപാടികളുടെ നിലവാരത്തിലും ശ്രദ്ധേയമായി. ഗ്രാമീണമായ ഘടനയിലും പ്രായോഗിക ആസൂത്രണത്തിലൂടെയും നടത്തിയ പരിപാടികള്‍ നൊച്ചാടിന്റെ ചരിത്രത്തില്‍ ഇടം നേടിയ ജനകീയ സാംസ്‌കാരിക ഉത്സവമായി മാറുകയായിരുന്നു.
Nochad Fest; The folk cultural festival concluded with a historic success