പേരാമ്പ്ര: നാടിന് അക്ഷരവെളിച്ചവുമായി കഴിഞ്ഞ 12 വര്‍ഷമായി മുളിയങ്ങലില്‍ പ്രവര്‍ത്തിച്ച് വരുന്ന പ്രതിഭ ലൈബ്രറിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. മുളിയങ്ങല്‍ കെ.കെ. കണാരന്‍ പ്രതിഭ ലൈബ്രറിയുടെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്റെ വികസന ഫണ്ടില്‍ നിന്നും കെട്ടിടത്തിന്റെ പ്രവര്‍ത്തിക്കായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഈ തുക ഉപയോഗിച്ചാണ് ലൈബ്രറിയുടെ ഒന്നാം നിലയുടെ പ്രവര്‍ത്തി ആരംഭിക്കുന്നത്. നിലവിലെ കെട്ടിടം സ്ഥല പരിമിതിമൂലം വീര്‍പ്പുമുട്ടുന്ന അവസ്ഥയിലാണുള്ളത്. നിലവില്‍ 6300 പുസ്തകങ്ങള്‍ ഉള്ള ഇവിടെ കുട്ടികള്‍ക്ക് ഇരിക്കാനും പൊതുപരിപാടികള്‍ നടത്താനുള്ള സൗകര്യവും ഇല്ലാതെ പ്രയാസപ്പെടുകയാണ്.

പുതുതായി നിര്‍മ്മിക്കുന്ന ഒന്നാം നില കെട്ടിടം പൊതു ചടങ്ങുകളും മറ്റും നടത്തുന്നതിനുവേണ്ടി ഉപയോഗിക്കാനാണ് കമ്മിറ്റിയുടെ നിലവിലെ തീരുമാനം. ഇതോടെ താഴത്തെ നില പൂര്‍ണ്ണമായും ലൈബ്രറിക്ക് വേണ്ടി ഉപയോഗിക്കാനാവും.
കെട്ടിടത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍ എ നിര്‍വ്വഹിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി അധ്യക്ഷത വഹിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം ശോഭന വൈശാഖ്, വി.എം. മനോജ്, എം.കെ. ദിനേശന്‍, വത്സന്‍ എടക്കോടന്‍, സജീവന്‍ കൊയിലോത്ത്, മുഹമ്മദ് പേരാമ്പ്ര, വി.കെ. വിജയന്‍, അബ്ദുള്‍ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഭ ലൈബ്രറി സെക്രട്ടറി കെ.കെ. വിജയന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. നൈജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് സി.ടി അരുണ്‍, വി. ഷാജി എന്നിവരുടെ കരോക്കേ ഗാനമേളയും നടന്നു.
Work on the library building was inaugurated at muliyangal