---
title: "അപകടാവസ്ഥയിലായ പഞ്ചായത്ത് കെട്ടിടം പൊളിച്ചു നീക്കണം; എസ്ഡിപിഐ "
english_title: "Panchayat building in danger should be demolished; SDPI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293008/panchayat-building-in-danger-should-be-demolished-sdpi"
published_at: "2025-05-29T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683873b9f0df2_fgfg.JPG"
keywords: []
---

# അപകടാവസ്ഥയിലായ പഞ്ചായത്ത് കെട്ടിടം പൊളിച്ചു നീക്കണം; എസ്ഡിപിഐ 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് ട്രാഫിക് പൊലീസ് സ്റ്റേഷനടുത്ത് സ്ഥിതി ചെയ്യുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നാല് നില കെട്ടിടത്തിന്റെ പില്ലറുകളും ബീമുകളും സ്ലാബും തകര്‍ന്ന് കെട്ടിടം അപകടാവസ്ഥയിലാണെന്ന് എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് വി. കുഞ്ഞമ്മത് പറഞ്ഞു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് ട്രാഫിക് പൊലീസ് സ്റ്റേഷനടുത്ത് സ്ഥിതി ചെയ്യുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നാല് നില കെട്ടിടത്തിന്റെ പില്ലറുകളും ബീമുകളും സ്ലാബും തകര്‍ന്ന് കെട്ടിടം അപകടാവസ്ഥയിലാണെന്ന് എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് വി. കുഞ്ഞമ്മത് പറഞ്ഞു.

പില്ലറുകളുടെ കമ്പികള്‍ പുറത്തേക്ക് തള്ളുകയും സ്ലാബുകള്‍ അടര്‍ന്ന് വീഴുകയും ബീമുകള്‍ തകര്‍ന്ന് ഏത് നിമിഷവും കെട്ടിടം നിലം പൊത്തുമെന്ന അവസ്ഥയിലാണെന്നും 2022 മുതല്‍ പ്രസ്തുത ബില്‍ഡിംഗിന്റെ തകര്‍ച്ചാവസ്ഥ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവകേരള സദസ്സില്‍ എസ്ഡിപിഐ പരാതി നല്‍കുകയും ചെയ്തിരുന്നതായും അദ്ദേഹം കൂട്ടിമച്ചേര്‍ത്തു.

നിരന്തരമായി വാഹനങ്ങളും വഴി യാത്രക്കാരും ഇതിന് പുറമെ ട്രാഫിക് തടസ്സവും ഉണ്ടാകുന്ന തിരക്കേറിയ പേരാമ്പ്ര ജംഗ്ഷനിലെ തകര്‍ച്ച ഭീഷണി നേരിടുന്ന നാല് നില കെട്ടിടത്തില്‍ നിരവധി കച്ചവട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. കാലവര്‍ഷക്കെടുതിയില്‍ കെട്ടിടത്തിന്റെ പിറക് വശത്തെ ഗ്രില്ലുകള്‍ തകര്‍ന്ന് വീണത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ദിവസങ്ങളായിട്ടും അധികൃതര്‍ ഒന്നും ചെയ്തിട്ടില്ല.

തൊട്ടടുത്ത് തന്നെയുള്ള ട്രാഫിക് പൊലീസ് സ്റ്റേഷനും സമീപത്തുള്ള മറ്റു കെട്ടിടങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വഴിയാത്രക്കാരായ ജനങ്ങളുടെ ജീവനും ഭീഷണിയായ ഈ കെട്ടിടം എത്രയും വേഗം പൊളിച്ചു നീക്കാന്‍ വേണ്ട നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പേരാമ്പ്ര ടൗണിലെ മാലിന്യ നിക്ഷേപ കേന്ദ്രമായ ഈ കെട്ടിടത്തിന്റെ പരിസരത്തെ മാലിന്യം ക്ലീന്‍ പേരാമ്പ്ര പദ്ധതിയില്‍ പെടുത്തി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ കിലോക്ക് 12 രൂപ വീതം അടച്ചാല്‍ നീക്കം ചെയ്യുമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും അറിയിച്ചതെന്നും അന്ന് നീക്കം ചെയ്യാതിരുന്ന മാലിന്യങ്ങള്‍ മഴയത്ത് ചീഞ്ഞളിഞ്ഞ് മാലിന്യാവശിഷ്ടങ്ങളും മലിന ജലവും ടൗണിലേക്ക് പരന്നൊഴുകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293008/panchayat-building-in-danger-should-be-demolished-sdpi)