പേരാമ്പ്ര : പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് നടത്തിയ ഫെസ്റ്റ് പേരാമ്പ്ര പെരുമയുടെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കണമെന്നും ഇതിന്റെ ഭാഗമായി നടത്തിയ വ്യാപരോത്സവത്തിന്റെ നറുക്കെടുപ്പ് നടത്തണമെന്നും ഫെസ്റ്റിന്റെ പേരില്‍ നികത്തിയ തണ്ണീര്‍ത്തടം പുനസ്ഥാപിക്കണമെന്നും പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 1 മുതല്‍ 12 വരെ 'പേരാമ്പ്ര പെരുമ' എന്ന പേരില്‍ ഫെസ്റ്റിനോടനുബന്ധിച്ച് മാര്‍ച്ച് 16 മുതല്‍ 30 വരെ സംഘടിപ്പിച്ച വ്യാപാരോത്സവം നറുക്കെടുക്കാന്‍ സംഘാടകസമിതിക്ക് കഴിയാത്തത് എന്തുകൊണ്ടാണ് എന്നും ഏപ്രില്‍ 30 ന് നറുക്കെടുക്കേണ്ട വ്യാപാരോത്സവ മെഗാ നറുക്കെടുപ്പ് തിയ്യതി നീട്ടി അവസാനം മെയ് 31 ന് തന്നെ നറുക്കെടുക്കും എന്ന പ്രഖ്യാപനം നടത്തിയെങ്കിലും ഉത്തരവാദിത്തപ്പെട്ട പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇതുവരെ അതിന് തയ്യാറായിട്ടില്ല എന്നും യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു.

ഒന്നാം സമ്മാനമായി കാറും രണ്ടാം സമ്മാനമായി ബുള്ളറ്റും മൂന്നാം സമ്മാനമായി മൊബൈല്‍ ഫോണും തുടങ്ങി മറ്റു പലവിധ സമ്മാനങ്ങള്‍ ആയി നിശ്ചയിച്ചു കൊണ്ടാണ് മെഗാ നറുക്കെടുപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. അടിമുടി അവ്യക്തമായ തരത്തിലാണ് ഈ വ്യാപാരോത്സവവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കിയിരുന്നത്. സമ്മാനക്കൂപ്പണ്‍ സ്‌ക്രാച്ച് ചെയ്ത് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഭാഗ്യശാലിയെ കണ്ടെത്തുന്ന പ്രക്രിയ നിയന്ത്രിച്ചത് ആരാണ് എന്ന് വ്യക്തമാക്കാന്‍ പഞ്ചായത്ത് തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മാത്രമല്ല ദിനേനെ സ്‌ക്രാച്ച് ആന്റ് വിന്നിലൂടെ നല്‍കിയ സമ്മാനങ്ങള്‍ പൊതുജനത്തെ പൊട്ടന്മാര്‍ ആക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്തത്. കൂടാതെ ഫെസ്റ്റിന്റെ പേരില്‍ കോടികള്‍ പിരിച്ചിട്ടും അതിന്റെ വരവ് ചെലവ് കണക്കുകള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും അവതരിപ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണ നേതൃത്വം തയ്യാറായിട്ടില്ല. ഫെസ്റ്റുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണെന്നും അതിന്റെ ഭാഗമായിട്ട് തന്നെയാണ് ഈ വ്യാപാരോത്സവത്തിന്റെ മെഗാ നറുക്കെടുപ്പ് കൂടി നടക്കാതെ പോകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പേരാമ്പ്ര ടൗണില്‍ തന്നെ നിരവധി സ്ഥലങ്ങള്‍ ഫെസ്റ്റ് നടത്തുന്നതിന് പര്യാപ്തമാവുന്ന തരത്തില്‍ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ ഫെസ്റ്റിന്റെ പേര് പറഞ്ഞു പേരാമ്പ്ര ടൗണിന്റെ ഹൃദയഭാഗത്തുള്ള സ്വകാര്യ വ്യക്തികളുടെ ഏക്കര്‍ കണക്കിന് തണ്ണീര്‍ത്തടങ്ങളാണ് നൂറുകണക്കിന് ലോഡ് മണ്ണിട്ട് നികത്തിയിട്ടുള്ളത്. ഫെസ്റ്റ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ആ മണ്ണ് നീക്കം ചെയ്ത് സാധാരണ നിലയിലേക്ക് തണ്ണീര്‍ത്തടത്തെ കൊണ്ടുവരാന്‍ ഉത്തരവാദിത്തപ്പെട്ട പഞ്ചായത്ത് ഭരണ നേതൃത്വവും ഉദ്യോഗസ്ഥ സംവിധാനവും തയ്യാറായിട്ടില്ല. സ്വകാര്യ വ്യക്തിയോട് ലക്ഷങ്ങളുടെ സാമ്പത്തിക ലാഭം വാങ്ങിയതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് തണ്ണീര്‍ത്തടത്തില്‍ മണ്ണിട്ട് നികത്തി ഫെസ്റ്റ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. പേരാമ്പ്ര ടൗണിലെ വെള്ളക്കെട്ടിന് ഗുണകരമാകുന്നതും, ജല ദൗര്‍ലഭ്യത്തിന് പരിഹാരവും ആയിരുന്ന തണ്ണീര്‍ത്തടങ്ങള്‍ മണ്ണ് മാറ്റി സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ തയ്യാറാവണം.
ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഫെസ്റ്റുമായി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് പേരാമ്പ്രയിലെ വ്യാപാരി സംഘടനകളുടെ സഹകരണത്തോടെ അവരുടെ നേതൃത്വത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ചേര്‍ന്ന് സംഘടിപ്പിക്കപ്പെട്ടിട്ടുള്ള വ്യാപാരോത്സവവും അതിന്റെ നറുക്കെടുപ്പും നടക്കാതിരിക്കുന്നത് എന്നുള്ളത് വളരെ ഗൗരവതരമാണെന്നും അവര്‍ പറഞ്ഞു.
എത്രയും പെട്ടെന്ന് ഫെസ്റ്റുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള മെഗാ നറുക്കെടുപ്പും, തണ്ണീര്‍ത്തടം പൂര്‍വ്വസ്ഥിതിയിലാക്കുന്നതും, വരവ് ചെലവ് കണക്ക് അവതരണവും ഉടന്‍ ഉണ്ടാവണമെന്ന് ഭരണ നേതൃത്തോട് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്. ഇല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുസ്ലിം യൂത്ത് ലീഗ് രംഗത്തെത്തുമെന്നും പൊതുജനം കഴുതകളല്ല എന്ന് ഭരണനേതൃത്വവും വ്യാപാരി സംഘടന നേതൃത്വവും മനസ്സിലാക്കുന്നത് നല്ലതാണെന്നും അവര്‍ പറഞ്ഞു.
Perambra Fest should be presented; Youth League