---
title: "രാസലഹരി കേസ്; പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്"
english_title: "Chemical intoxication case; Yuva Morcha activists protest when the accused is taken for medical examination"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295046/chemical-intoxication-case-yuva-morcha-activists-protest-when-the-accused-is-taken-for-medical-examination"
published_at: "2025-06-08T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68455e72caefc_aweq.JPG"
keywords: []
---

# രാസലഹരി കേസ്; പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്

> **Lead Summary:** **കുറ്റ്യാടി :** മയക്കുമരുന്ന് നല്‍കി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള കേസിലെ പ്രതി കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജിനാസിനെ വൈദ്യ പരിശോധനക്ക് കൊണ്ടുവന്നപ്പോള്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.

## Article Content

**കുറ്റ്യാടി :** മയക്കുമരുന്ന് നല്‍കി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള കേസിലെ പ്രതി കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജിനാസിനെ വൈദ്യ പരിശോധനക്ക് കൊണ്ടുവന്നപ്പോള്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.

കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവന്ന പ്രതിയെ കുറ്റ്യാടി സിഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതി കേസിനുശേഷം അജ്മീരില്‍ ഉള്‍പ്പെടെ ഒളിച്ചുകഴിയുകയായിരുന്നു. കേസിനു ശേഷം കഴിഞ്ഞ 24 നാണ് പ്രതി കേരളത്തില്‍ നിന്ന് മുങ്ങിയത്. പാലക്കാട്ടുനിന്നുള്ള ഒരു സ്ത്രീയുടെ സഹായത്തോടെ അജ്മീരില്‍ കഴിയവെ പൊലീസ് പിന്തുടര്‍ന്നു. ലൊക്കേഷന്‍ പരിശോധിച്ച് അജ്മീരില്‍ പൊലീസ് എത്തിയപ്പോള്‍ പ്രതി അവിടെനിന്നും മുങ്ങി. തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നല്‍കി. ഇന്നലെ രാത്രി മംഗലാപുരത്ത് ഇറങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

കുറ്റ്യാടി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പുള്ള കുറ്റകൃത്യം കണക്കിലെടുത്ത് പോക്‌സൊ വകുപ്പാണ് ഈ കേസില്‍ ചുമത്തിയിരുന്നത്. ആദ്യപരാതിക്കു ശേഷം മറ്റൊരാള്‍കൂടി ചേക്കുവിനെതിരെ പരാതി നല്‍കിയിരുന്നു. ആ പരാതിയിലും പോക്‌സോ വകുപ്പാണ് ചുമത്തിയത്.

കുറ്റ്യാടി പൊലീസ് ഇന്‍സ്പക്ടര്‍ കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ അജിനാസിനെ വൈദ്യപരിശോധനക്കായി ഇന്ന് ഉച്ചക്ക് 1 മണിയോടെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ആശുപത്രി പരിസരത്ത് നിലയുറപ്പിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍, പ്രതിയുമായി പൊലീസ് വാഹനം ആശുപത്രിയിലേക്ക് പ്രവേശിച്ച ഉടനെ മുദ്രാവാക്യം വിളിയുമായി വാഹനത്തിന് പിന്നാലെ പ്രതിഷേധവുമായി എത്തി. പ്രതിയെ ആശുപത്രിക്ക് അകത്തേക്ക് പൊലീസ് കൊണ്ടു പോയിട്ടും പുറത്ത് മുദ്രാവാക്യം വിളിയുമായി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിയെ തിരിച്ചു കൊണ്ടു പോവുന്നതുവരെ പ്രതിഷേധം തുടര്‍ന്നു.

പ്രതിഷേധത്തിന് ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് ഒ.പി. മഹേഷ്, യുവമോര്‍ച്ച ജില്ലാ മീഡിയ കണ്‍വീനര്‍ വിഷ്ണു അരീക്കണ്ടി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അഖില്‍ നാളോങ്കണ്ടി, അമല്‍രാജ് കുറ്റ്യാടി, ശിഖില്‍, സുഖലേഷ് കുറ്റ്യാടി, പി.പി അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295046/chemical-intoxication-case-yuva-morcha-activists-protest-when-the-accused-is-taken-for-medical-examination)