---
title: "മിനി സ്റ്റേഡിയം; പുനര്‍നിര്‍മാണ പ്രവര്‍ത്തി പാതി വഴിയില്‍"
english_title: "Mini stadium; Reconstruction work half way through"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295519/mini-stadium-reconstruction-work-half-way-through"
published_at: "2025-06-10T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684869e876d58_asssssssssssssssssssss.JPG"
keywords: []
---

# മിനി സ്റ്റേഡിയം; പുനര്‍നിര്‍മാണ പ്രവര്‍ത്തി പാതി വഴിയില്‍

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി പഞ്ചായത്തിലെ മിനി സ്റ്റേഡിയം പുനര്‍നിര്‍മാണ പ്രവര്‍ത്തി പാതി വഴിയില്‍. കളിക്കാന്‍ ഇടമില്ലാത്തതിനാല്‍ കളിക്കളം വേണമെന്ന ആവശ്യവുമായി കുട്ടികള്‍ രംഗത്ത്. 1989 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പി.സി. രാധാകൃഷ്ണന്‍ പ്രസിഡന്റായ യുഡിഎഫ് ഭരണ സമിതിയാണ് നാട്ടുകാരനായ മുന്‍ മന്ത്രി ഡോ. കെ.ജി. അടിയോടിയുടെ പേരില്‍ പഞ്ചായത്തില്‍ സ്റ്റേഡിയം നിര്‍മിച്ചത്. എന്നാല്‍ പിന്നീട് സ്റ്റേഡിയത്തിന്റെ അവസ്ഥ മോശമായപ്പോള്‍ യാതൊരു പ്രവര്‍ത്തനവും അവിടെ നടത്തിയിട്ടില്ല.

## Article Content

**പേരാമ്പ്ര: **കൂത്താളി പഞ്ചായത്തിലെ മിനി സ്റ്റേഡിയം പുനര്‍നിര്‍മാണ പ്രവര്‍ത്തി പാതി വഴിയില്‍. കളിക്കാന്‍ ഇടമില്ലാത്തതിനാല്‍ കളിക്കളം വേണമെന്ന ആവശ്യവുമായി കുട്ടികള്‍ രംഗത്ത്. 1989 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പി.സി. രാധാകൃഷ്ണന്‍ പ്രസിഡന്റായ യുഡിഎഫ് ഭരണ സമിതിയാണ് നാട്ടുകാരനായ മുന്‍ മന്ത്രി ഡോ. കെ.ജി. അടിയോടിയുടെ പേരില്‍ പഞ്ചായത്തില്‍ സ്റ്റേഡിയം നിര്‍മിച്ചത്. എന്നാല്‍ പിന്നീട് സ്റ്റേഡിയത്തിന്റെ അവസ്ഥ മോശമായപ്പോള്‍ യാതൊരു പ്രവര്‍ത്തനവും അവിടെ നടത്തിയിട്ടില്ല.

മുന്‍പ് അഖിലേന്ത്യാ വോളി മേള വരെ ഈ സ്റ്റേഡിയത്തില്‍ നടത്തിയിട്ടുണ്ടെങ്കിലും പിന്നീട് ആരും ശ്രദ്ധിക്കാതെ ഇട്ടതാണ് പ്രശ്നമായത്. ഒരു വര്‍ഷം മുന്‍പ് 5 ലക്ഷം രൂപ ചെലവില്‍ ചില നിര്‍മാണ പ്രവൃത്തികള്‍ സ്റ്റേഡിയത്തില്‍ നടത്തിയിരുന്നു. ചുറ്റുമതില്‍ കെട്ടുക മാത്രമാണ് അന്ന് ചെയ്തത്. പിന്നീട് സ്റ്റേഡിയത്തിന്റെ ദുരവസ്ഥ ജനങ്ങള്‍ ഉയര്‍ത്തി കാട്ടിയപ്പോഴാണ് 6 മാസം മുന്‍പ് ഇതിനായി പുതിയ പ്രൊജക്ട് ഉണ്ടാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. അതിനായി 25 ലക്ഷം രൂപ എംഎല്‍എ ഫണ്ടും ലഭിച്ചു. എന്നാല്‍ പണി പൂര്‍ത്തീകരിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല.

6 മാസം മുന്‍പ് ചുറ്റുമതിലുകള്‍ ഉള്‍പ്പെടെ ഇടിച്ചു നിരത്തി തലങ്ങും വിലങ്ങും കിടങ്ങുകള്‍ എടുത്ത അവസ്ഥയിലാണ്. പുല്ലും കാടും കാരണം ആളുകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. എംഎല്‍എ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായാണ് ചുറ്റുമതിലും മറ്റും പൊളിച്ചു മാറ്റിയതെന്നു പറയുന്നു. എന്നാല്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതെ ഗ്രൗണ്ടില്‍ കുറച്ച് മെറ്റല്‍ ഇറക്കുക മാത്രമാണ് ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിര്‍മാണം തുടങ്ങിയില്ലെങ്കില്‍ പഞ്ചായത്തിനു മുന്‍പില്‍ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

കൂത്താളി പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കാന്‍ പഞ്ചായത്ത് പ്രൊജക്ട് ഉണ്ടാക്കിയതായി വൈസ് പ്രസിഡന്റ് വി.എന്‍.അനൂപ് കുമാര്‍ പറഞ്ഞു. അതിനായി 25 ലക്ഷം എംഎല്‍എ ഫണ്ടും ലഭിച്ചിട്ടുണ്ട്. പണി തുടങ്ങിയെങ്കിലും മഴ കാരണം നിലച്ചതാണ്. എത്രയും പെട്ടെന്ന് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295519/mini-stadium-reconstruction-work-half-way-through)