---
title: "ശുചിമുറിയില്‍ ഒളിക്യാമറ; കുറ്റ്യാടിയില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം "
english_title: "Hidden camera in the toilet; BJP workers protest in Kuttiadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296180/hidden-camera-in-the-toilet-bjp-workers-protest-in-kuttiadi"
published_at: "2025-06-14T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d3aa40d46f_lab.JPG"
keywords: []
---

# ശുചിമുറിയില്‍ ഒളിക്യാമറ; കുറ്റ്യാടിയില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം 

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി അരീക്കര മെഡിക്കല്‍ ലാബ് കെട്ടിടത്തിലെ ശുചി മുറിയില്‍ ഒളിക്യാമറ വെച്ച് നഴ്സുമാരുടെ വീഡിയോ പകര്‍ത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്ഥാപനത്തിന്റെ ബോര്‍ഡ് കല്ലെറിഞ്ഞ് തകര്‍ത്തു. സ്ഥാപനം അടച്ചിട്ട നിലയിലാണ്. പെണ്‍വാണിഭ സംഘങ്ങളും, ലഹരി മാഫിയകളും വിലസുന്ന നാടായി കുറ്റ്യാടി മാറിക്കൊണ്ടിരിക്കുന്നുവെന്നും ദൂരെ സ്ഥലങ്ങളില്‍ മാത്രം കണ്ടുവരുന്ന സെക്‌സ് റാക്കറ്റുകള്‍ വരെ കുറ്റ്യാടിയില്‍ സജീവമാവുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

## Article Content

കുറ്റ്യാടി: കുറ്റ്യാടി അരീക്കര മെഡിക്കല്‍ ലാബ് കെട്ടിടത്തിലെ ശുചി മുറിയില്‍ ഒളിക്യാമറ വെച്ച് നഴ്സുമാരുടെ വീഡിയോ പകര്‍ത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്ഥാപനത്തിന്റെ ബോര്‍ഡ് കല്ലെറിഞ്ഞ് തകര്‍ത്തു. സ്ഥാപനം അടച്ചിട്ട നിലയിലാണ്. പെണ്‍വാണിഭ സംഘങ്ങളും, ലഹരി മാഫിയകളും വിലസുന്ന നാടായി കുറ്റ്യാടി മാറിക്കൊണ്ടിരിക്കുന്നുവെന്നും ദൂരെ സ്ഥലങ്ങളില്‍ മാത്രം കണ്ടുവരുന്ന സെക്‌സ് റാക്കറ്റുകള്‍ വരെ കുറ്റ്യാടിയില്‍ സജീവമാവുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

പതിറ്റാണ്ടുകളുടെ വ്യാപാര പാരമ്പര്യമുള്ള കുറ്റ്യാടിയില്‍ ഈ ഗതി വരുത്തി തീര്‍ത്തതില്‍ നിയമ പാലകരുടെയും പങ്ക് വലുതാണെന്നും അവര്‍ കുറ്റപ്പെടുത്തി. തുടരെ തുടരെ നാടിനെ നടുക്കുന്ന വിധത്തിലുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്നലെയാണ് ലാബ് കെട്ടിടത്തിലെ ശുചി മുറിയില്‍ ഒളിക്യാമറ വെച്ച് പെണ്‍കുട്ടിയുടെ ശുചിമുറി രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ സ്ഥാപനത്തിന്റെ ഉടമയുടെ സഹോദരന്‍ മരുതോങ്കര സ്വദേശിയായ യുവാവ് പിടിയിലായത്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വീട് വിട്ടിറങ്ങിയ നമ്മുടെ അമ്മ പെങ്ങന്മാരെ ചതിയില്‍ പെടുത്തുന്നവരെ തെരുവില്‍ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണിന്ന് എന്നും ധൈര്യത്തോടെ രംഗത്ത് വന്ന പെണ്‍കുട്ടിയുടെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് വിവരം പുറം ലോകം അറിഞ്ഞതെന്നും പാവപ്പെട്ട സ്ത്രീകളെ തിരഞ്ഞു പിടിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്ന പകല്‍ മാന്യന്‍മാര്‍ക്ക് എതിരെ വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296180/hidden-camera-in-the-toilet-bjp-workers-protest-in-kuttiadi)