---
title: "നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് പേരാമ്പ്ര സ്വദേശിനി ദീപ്‌നിയക്ക്"
english_title: "Deepniya, a native of Perambra, secured first rank in NEET exam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296229/deepniya-a-native-of-perambra-secured-first-rank-in-neet-exam"
published_at: "2025-06-14T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d74c9ce683_dipniya.JPG"
keywords: []
---

# നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് പേരാമ്പ്ര സ്വദേശിനി ദീപ്‌നിയക്ക്

> **Lead Summary:** **പേരാമ്പ്ര :** നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് പേരാമ്പ്ര സ്വദേശിനി ദീപ്‌നിയക്ക് ലഭിച്ചു. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടുവരെ മലയാളം മീഡിയത്തില്‍ പഠിച്ച ദീപ്‌നിയക്ക് കേരളത്തിലെ ഒന്നാം റാങ്ക് ലഭിച്ചത് നാടിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നു. ഓള്‍ ഇന്ത്യ ലെവലില്‍ 109-ാം റാങ്കും ഈ മിടുക്കി സ്വന്തമാക്കി.

## Article Content

**പേരാമ്പ്ര :** നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് പേരാമ്പ്ര സ്വദേശിനി ദീപ്‌നിയക്ക് ലഭിച്ചു. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടുവരെ മലയാളം മീഡിയത്തില്‍ പഠിച്ച ദീപ്‌നിയക്ക് കേരളത്തിലെ ഒന്നാം റാങ്ക് ലഭിച്ചത് നാടിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നു. ഓള്‍ ഇന്ത്യ ലെവലില്‍ 109-ാം റാങ്കും ഈ മിടുക്കി സ്വന്തമാക്കി.

ആവള ഗവ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലയാളം ഉപന്യാസരചനയില്‍ എ ഗ്രേഡും മാത്‌സ് ടാലന്റ് സെര്‍ച്ച് എക്‌സാമില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും നേടിയ വിദ്യാര്‍ത്ഥിനിയാണ് ഈ മിടുക്കി. ഒപ്പം പൊതുമണ്ഡലത്തില്‍ നിന്ന് സംഘടിപ്പിക്കപ്പെട്ട അക്ഷരോത്സവം ഉള്‍പ്പെടെയുള്ള നിരവധി പരിപാടികളില്‍ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഉയര്‍ന്ന പദവിയിലെത്തിയവള്‍. ഇന്ന് നീറ്റ് പരീക്ഷയുടെ റിസല്‍റ്റ് വന്നപ്പോള്‍ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കയാണ് ദീപ്നിയ.

ഒരു വർഷം പൂർണമായും പഠനത്തിന് വേണ്ടി നീക്കിവെച്ച ദീപ്നിയ മൊബൈൽ ഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കി. ക്ലാസിലെ ചെറിയ പരീക്ഷകൾ പോലും ഗൗരവത്തോടെ കണ്ടെന്ന് മാത്രമല്ല അന്നന്ന് പഠിപ്പിക്കുന്നത് കൃത്യമായി പഠിച്ചുപോയി. പരീക്ഷകളിൽ തെറ്റുപറ്റിയ ഭാഗങ്ങൾ വീണ്ടും വീണ്ടും പഠിച്ചു. ചെറിയ നോട്ടുകൾ ഉണ്ടാക്കി സ്റ്റഡി ഹാളിൽ ഒട്ടിച്ചുവെച്ചു. കൃത്യമായി റിവിഷൻ ചെയ്തു.

ദിവസേന 12 മണിക്കൂറാണ് പഠനത്തിന് വേണ്ടി മാറ്റിവെച്ചത്.  സമ്മര്‍ദ്ദം കുറയ്ക്കാന്‍ ദീപ്നിയ കണ്ടെത്തിയ മാര്‍ഗം ഇഷ്ടപ്പെട്ട് പഠിക്കുക എന്നതാണ്. വിട്ടുവീഴ്ചയില്ലാതെ പഠിച്ചാല്‍ ഫലം വരുമെന്നത് ഉറപ്പായിരുന്നു ഈ മിടുക്കിക്ക്.

നീറ്റ് കോച്ചിങ് പാലാ ബ്രില്ല്യന്‍സ് കോളേജിലാണ് ദീപനിയ പഠിച്ചത്. ആവള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ദിനേശന്റെയും അധ്യാപികയായ ബിജിയുടെയും മകളാണ് ദീപ്നിയ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296229/deepniya-a-native-of-perambra-secured-first-rank-in-neet-exam)