---
title: " ഡോക്ടര്‍ ആകണമെന്നാണ് ദീപ്‌നിയയുടെ ആഗ്രഹം "
english_title: "Deepniya's dream is to become a doctor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296270/deepniyas-dream-is-to-become-a-doctor"
published_at: "2025-06-15T00:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684dc65e81ce1_dweq.JPG"
keywords: []
---

#  ഡോക്ടര്‍ ആകണമെന്നാണ് ദീപ്‌നിയയുടെ ആഗ്രഹം 

> **Lead Summary:** പേരാമ്പ്ര: 2025 നീറ്റ് യുജി പരീക്ഷയില്‍ കേരളത്തില്‍ ഒന്നാമതെത്തി പേരാമ്പ്ര ആവള സ്വദേശി ഡി.ബി. ദീപ്നിയ നീറ്റ് പരീക്ഷയില്‍ 109-ാം റാങ്കാണ് നേടിയത്. രണ്ടാമത്തെ ശ്രമത്തിലാണ് ദീപ്‌നിയക്ക് മിന്നുന്ന വിജയം കൈവരിക്കാന്‍ സാധിച്ചത്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടുവരെ മലയാളം മീഡിയത്തില്‍ ആണ് ദീപ്നിയ പഠിച്ചത്.

## Article Content

പേരാമ്പ്ര: 2025 നീറ്റ് യുജി പരീക്ഷയില്‍ കേരളത്തില്‍ ഒന്നാമതെത്തി പേരാമ്പ്ര ആവള സ്വദേശി ഡി.ബി. ദീപ്നിയ നീറ്റ് പരീക്ഷയില്‍ 109-ാം റാങ്കാണ് നേടിയത്. രണ്ടാമത്തെ ശ്രമത്തിലാണ് ദീപ്‌നിയക്ക് മിന്നുന്ന വിജയം കൈവരിക്കാന്‍ സാധിച്ചത്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടുവരെ മലയാളം മീഡിയത്തില്‍ ആണ് ദീപ്നിയ പഠിച്ചത്.

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ജോലി നേടണം എന്ന ആഗ്രഹത്തില്‍ നിന്നാണ് ഡോക്ടര്‍ ജോലിയോട് ഇഷ്ടം തോന്നിയതെന്നും നീറ്റിന് വേണ്ടി പരിശ്രമിക്കാന്‍ തുടങ്ങിയതെന്നും ദീപ്നിയ പറയുന്നു. പരീക്ഷ പൊതുവെ ബുദ്ധിമുട്ടായിരുന്നു എന്നും അതില്‍ വിഷമമുണ്ടായിരുന്നു എന്നാല്‍ റിസല്‍റ്റ് വന്നപ്പോള്‍ സന്തോഷമായെന്നും ദീപ്നിയ ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.

പ്ലസ് ടു എത്തിയപ്പോഴാണ് ഡോക്ടര്‍ ആവണമെന്ന് ആഗ്രഹം തോന്നിയത്. തിരഞ്ഞെടുക്കുന്ന ജോലി ചുറ്റുമുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമാകണം എന്ന ചിന്തയാണ് ഡോക്ടര്‍ എന്ന പ്രൊഫഷന്‍ തിരഞ്ഞെടുക്കാന്‍ കാരണമായത്. പ്ലസ്ടുവിന് ശേഷം ഒരു ട്യൂഷന്‍ സെന്ററില്‍ പോയും സ്വയമിരുന്ന് പഠിച്ചുമാണ് ആദ്യമായി നീറ്റ് പരീക്ഷ എഴുതിയത്. അന്ന് 29000 ത്തിന് അടുത്തായിരുന്നു റാങ്ക് ലഭിച്ചത്. ഇതോടെ നല്ലപോലെ പഠിച്ചാല്‍ റാങ്ക് ലഭിക്കുമെന്ന വിശ്വാസം ദീപ്നിയയ്ക്ക് ഉണ്ടായി. അങ്ങനെയാണ് റിപ്പീറ്റ് ചെയ്യാനായി പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ കോഴിക്കോട് ബ്രാഞ്ചില്‍ ചേര്‍ന്നത്.

ഒരു വര്‍ഷം പൂര്‍ണമായും പഠനത്തിന് വേണ്ടി നീക്കിവെച്ച ദീപ്നിയ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കി. ക്ലാസിലെ ചെറിയ പരീക്ഷകള്‍ പോലും ഗൗരവത്തോടെ കണ്ടെന്ന് മാത്രമല്ല അന്നന്ന് പഠിപ്പിക്കുന്നത് കൃത്യമായി പഠിച്ചുപോയി. പരീക്ഷകളില്‍ തെറ്റുപറ്റിയ ഭാഗങ്ങള്‍ വീണ്ടും വീണ്ടും പഠിച്ചു. ചെറിയ നോട്ടുകള്‍ ഉണ്ടാക്കി സ്റ്റഡി ഹാളില്‍ ഒട്ടിച്ചുവെച്ചു. കൃത്യമായി റിവിഷന്‍ ചെയ്തു. റിവിഷനാണ് പ്രധാനമെന്ന് ദീപ്നിയ പറയുന്നു. ദിവസേന 12 മണിക്കൂറാണ് പഠനത്തിന് വേണ്ടി മാറ്റിവെച്ചത്. ഒരു കാരണവശാലും ഇതില്‍ കുറയില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു.

സമ്മര്‍ദ്ദം കുറയ്ക്കാന്‍ ദീപ്നിയ കണ്ടെത്തിയ മാര്‍ഗം ഇഷ്ടപ്പെട്ട് പഠിക്കുക എന്നതാണ്. വിട്ടുവീഴ്ചയില്ലാതെ പഠിച്ചാല്‍ ഫലം വരുമെന്നത് ഉറപ്പായിരുന്നു എന്നും ദീപ്നിയ പറഞ്ഞു. എല്ലാ ആഗ്രഹത്തിനും ഒപ്പമുണ്ടെന്നും റിപ്പീറ്റ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ കുടുംബം പിന്തുണച്ചെന്നും, സമ്മര്‍ദ്ദം വന്നാല്‍ അവരെയാണ് ആദ്യം വിളിക്കുകയെന്നും ദീപ്നിയ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥിയുടെ അച്ഛനും അമ്മയും അധ്യാപകരാണ്. കേരളത്തില്‍ ദീപ്നിയ ഒന്നാമതെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം.

പോണ്ടിച്ചേരി ജിപ്നറിൽ പഠിക്കണമെന്നും എംബിബിഎസ് എടുക്കണം എന്നിട്ട് എംഡി എടുക്കണം എന്നും ദീപ്നിയ തന്റെ ആഗ്രഹം ട്രൂവിഷന്‍ ന്യൂസിനോട് പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296270/deepniyas-dream-is-to-become-a-doctor)