---
title: "മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടിയതാകില്ല; മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു"
english_title: "Locals suspect that a landslide occurred in Mundakai; District Collector responds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298378/locals-suspect-that-a-landslide-occurred-in-mundakai-district-collector-responds"
published_at: "2025-06-25T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ba3eaee965_dfss.JPG"
keywords: []
---

# മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടിയതാകില്ല; മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു

> **Lead Summary:** **വയനാട് : **മുണ്ടക്കൈയിലെ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടിയെന്ന നാട്ടുകാരുടെ സംശയത്തില്‍ പ്രതികരിച്ച് വയനാട് ജില്ലാ കളക്ടര്‍.

## Article Content

**വയനാട് : **മുണ്ടക്കൈയിലെ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടിയെന്ന നാട്ടുകാരുടെ സംശയത്തില്‍ പ്രതികരിച്ച് വയനാട് ജില്ലാ കളക്ടര്‍.

മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയിക്കുന്ന സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങള്‍ കനത്ത മഴയില്‍ താഴേക്ക് വന്നതാകാമെന്നാണ് ജില്ലാ കളക്ടറുടെ നിഗമനം. ദുരന്ത നിവാരണ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്.

അപകട മേഖലയില്‍ നിന്ന് ആളുകളെ പൂര്‍ണമായും മാറ്റിപ്പാര്‍പ്പിച്ചു. പുഴയില്‍ നിന്നുള്ള മണ്ണും പാറയും ചെളിയും നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. വയനാട്ടിലെ ചൂരല്‍മല മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പുഴയില്‍ നീരൊഴുക്ക് കൂടി. പുതിയ വില്ലേജ് റോഡില്‍ വെള്ളം കയറി. പ്രദേശത്ത് ഉരുള്‍പൊട്ടിയതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

റവന്യൂ അധികൃതരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടു. കല്‍പ്പറ്റയില്‍ നിന്നും ഉദ്യോഗസ്ഥര്‍ ചൂരല്‍മലയിലേക്ക് പുറപ്പെട്ടു. വലിയ അളവിലാണ് മഴ പെയ്യുന്നത്. ഇന്നലെ രാത്രി തൊട്ട് അതിശക്തമായ മഴയാണ് അനുഭപ്പെടുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298378/locals-suspect-that-a-landslide-occurred-in-mundakai-district-collector-responds)